വേദാംഗ ജ്യോതിഷം

ഭാരതീയ ജ്യോതിഷം അതിപുരാതനമായ ശാസ്ത്രമാണ്. ' വേദാംഗം' എന്ന വാക്കു തന്നെ, ജ്യോതിഷം വേദത്തിന്റെ ഒരു ഭാഗമാണ് എന്നു കാണിക്കുന്നു. (വേദാംഗം - limb of vedas) ചരാചരങ്ങളുടെ വളര്‍ച്ചയേയും, ജീവിതത്തിന്‍റെ ഗതിവിഗതികളേയും നിയന്ത്രിക്കുന്നതില്‍ ജ്യോതിഷത്തിന് കാര്യമായ പങ്കുണ്ടെന്ന് പുരാതനകാലം മുതല്‍ക്കേ മനുഷ്യരാശി വിശ്വസിച്ചുവന്നു. ക്രിസ്തിവിന് 3000 വര്‍ഷത്തിന് മുന്‍പ് ബാബിലോണിയയില്‍ ജ്യോതി ശാസ്ത്രജ്ഞന്‍മാര്‍ ഉണ്ടായിരുന്നതായി ചരിത്രം ഘോഷിക്കുന്നു. എന്നാല്‍ അതിനും മുന്‍പ് തന്നെ ഭാരതത്തില്‍ ജ്യോതിഷം ഒരു ശാസ്ത്രം എന്ന നിലയില്‍ വികസിച്ച് കഴിഞ്ഞിരുന്നു. പുരാതനഗ്രന്ഥങ്ങളായ സൂര്യസിദ്ധാന്തം, വേദാംഗ ജ്യോതിഷം എന്നിവയ്ക്ക് ഏതാണ്ട് 5000 വര്‍ഷങ്ങള്‍ക്ക്‌ മേല്‍ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ജ്യോതിഷം ഏറ്റവും പുരാതനവും, ശ്രേഷ്ഠവും ഗഹനവുമായ ശാസ്ത്രങ്ങളില്‍ ഒന്നാണ് എന്നു പറയാം. വേദങ്ങള്‍ക്ക് ആറ് അംഗങ്ങള്‍ ഉളളതായി പരിഗണിക്കപ്പെടുന്നു.
1. ശിക്ഷ 2. വ്യാകരണം 3. നിരുക്തം 4. ജ്യോതിഷം 5. കല്‍പം 6. ഛന്ദസ്സ്, എന്നിവയാണ് ആറ് അംഗങ്ങള്‍ .
വേദത്തിന്റെ കണ്ണാണ് ജ്യോതിഷം എന്നു വേദജ്ഞന്‍മാര്‍ പ്രസ്താവിക്കുന്നു. ജ്യോതിഷത്തെ പ്രധാനമായും മൂന്നു ശാഖകളായി തിരിച്ചിരിക്കുന്നു.
1. ഹോര 2. സിദ്ധാന്തം 3. സംഹിത.
ഹോര - ഇതിനെ 4 പ്രധാന ശാഖകളായി തിരിക്കാം.

i. ജാതകം ii. പ്രശ്‌നം iii. മുഹൂര്‍ത്തം iv. നിമിത്തം.
ജാതകം - ഒരു കുട്ടിയുടെ ജനനസമയമോ, അല്ലെങ്കില്‍ ഒരു കര്‍മ്മം ആരംഭിക്കുന്ന സമയമോ കണക്കിലെടുത്ത്, ഗ്രഹങ്ങളുടെ സ്ഥിതി, സ്ഥാനം, മുതലായവയുമായി ബന്ധിപ്പിച്ച് ശുഭാശുഭങ്ങളെ പ്രവചിക്കാന്‍ സഹായിക്കുന്നു, ഇതില്‍ പ്രധാനമായും മൂന്ന്‍ വിഭാഗക്കാരുണ്ട്.
a). പരാശരി - ഇതാണ് ഏറ്റവും അധികം പ്രചാരത്തിലുളളത്. വളരെ ബൃഹത്തായ ഗണിത പ്രക്രിയ ആവശ്യമായിട്ടുളളതിനാല്‍ അതീവ കൃത്യമായ പ്രവചനങ്ങള്‍ ജാതകത്തെ ആധാരമാക്കി നടത്താന്‍ കഴിയുന്നു.

b). ജൈമിനി - മനസ്സിലാക്കുവാനും പഠിക്കിവാനും ഏറെ ബുദ്ധിമുട്ടുളള ഈ രീതി ചെറിയ സൂക്തങ്ങളെ അവലംബിച്ചിട്ടുളളതാണ്, ഓരോ സൂക്തങ്ങള്‍ക്കും പല തരത്തിലുളള വ്യാഖ്യാനങ്ങള്‍ നല്‍കാം എന്നത് ഇതിനെ മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടുളളതാക്കുന്നു.

c). താജിക് - വര്‍ഷഫലങ്ങള്‍ പ്രവചിക്കുവാന്‍ പിന്തുടരുന്ന ഒരു രീതിയാണ് ഇത്
പ്രശ്‌നം - ജാതകത്തിനോട് വളരെയധികം സാമ്യമുളള രീതിയാണ് ഇത്. ജാതകം ഒരു വ്യക്തിയുടെ ജനനസമയത്തുളള ഗ്രഹനിലയെ അടിസ്ഥാനമാക്കിയുളളതാണ്. പ്രശ്‌നമാകട്ടെ, ഒരു വ്യക്തി ഒരു പ്രശ്‌നം (ചോദ്യം) ഉന്നയിക്കുന്ന സമയത്തെ ആസ്പദമാക്കി തയ്യാറാക്കുന്ന ജാതകത്തില്‍ നിന്നുളള പ്രവചനമാണ്.
മുഹുര്‍ത്തം - ഏതൊരു സംരംഭങ്ങള്‍ തുടങ്ങുവാനുളള (ആരംഭിക്കുവാനുളള) ഏറ്റവും നല്ല സമയം തിരഞ്ഞെടുക്കലാണ് ഇത്.
നിമിത്തം - ഒരു പ്രത്യേക സമയത്തുണ്ടാകുന്ന ശകുനങ്ങള്‍ , ലക്ഷണങ്ങള്‍ , എന്നിവയെ ആധാരമാക്കി നടത്തുന്ന പ്രവചനങ്ങള്‍ , ചില വിഭാഗക്കാര്‍ ഇതിനെ സംഹിതയുടെ ഭാഗമായി കണക്കാക്കാറുണ്ട്.
സിദ്ധാന്തം - ഇത് യഥാര്‍ത്ഥത്തില്‍ ഗണിതമാണ്. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ഭ്രമണവും മറ്റും കണക്കാക്കി ഓരോ സമയത്തുളള അവയുടെ സ്ഥാനം കണക്കാക്കുക എന്നിങ്ങനെയുളള സങ്കീര്‍ണ്ണമായ ഗണന പ്രക്രിയകള്‍ ആണ് ഇതില്‍ ഉളളത്.
സംഹിത - പ്രളയം, ഭൂകമ്പം, അഗ്നിപര്‍വ്വതസ്‌ഫോടനം, മഴ, കാലാവസ്ഥ, വാല്‍നക്ഷത്രങ്ങള്‍ എന്നിവയുടെ ശക്തി, അവയിലുണ്ടാകുന്ന അനന്തരഫലങ്ങള്‍ എന്നിവയെക്കുറിച്ചുളള പഠനം ആണ് ഇത്.
ജ്യോതിഷത്തില്‍ സമയത്തിനുളള പ്രാധാന്യം

ജ്യോതിഷ പഠനം ആരംഭിക്കുമ്പോള്‍ ആദ്യം അറിയേണ്ടത് ഇതില്‍ സമയത്തിനുളള പ്രാധാന്യമാണ്. സമയ വിഭാഗത്തിന്റെ ഏറ്റവും ചെറിയ രണ്ട് അണുകങ്ങള്‍ പോലും ഒരു പോലെയാണ് എന്നു പറയാന്‍ സാധ്യമല്ല. ഓരോന്നും വ്യത്യസ്ഥമാണ്. സമയത്തിന്റെ ഓരോ അണുവും ഈ ഭൂമിയിലെ ജീവിജാലങ്ങളെ പലതരത്തില്‍ പ്രസരിപ്പിക്കുന്നു. കാല ചക്രത്തെ ആധാരമാക്കിയാണ് ഗ്രഹങ്ങള്‍ സ്ഥിതി ചെയ്യുതും അവ ജീവരാശികളില്‍ സ്വാധീനം ചെലുത്തുതും, ബ്രഹ്മാണ്ഡത്തില്‍ കാണുന്ന സകല സ്ഥാവര ജംഗമങ്ങളെയും ജനിപ്പിക്കുതും നശിപ്പിക്കുന്നതും കാലമാണ്. ഈ കാലം 9 തരത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു.
ബ്രാഹ്മം, ദിവ്യം, പിത്രൃം, പ്രജാപത്യം, ഗൗരവം, സൗരവം, സാവനം, ഛന്ദ്രം, അര്‍ക്ഘം, സൌരമാനം കൊണ്ട് ദിനരാത്രി പ്രമാണങ്ങളെയും, ഷഢശീതി, വിഷ്ണുപതി എന്നീ പുണ്യകാലങ്ങളെയും അറിയാം. പ്രതിപദം തുടങ്ങി അമാവാസി വരെയുളള മൂപ്പതു തിഥികള്‍ കൂടിയതാണ്, ഒരു ചന്ദ്രമാസം. എല്ലാ ദിവസവുമുളള നക്ഷത്രഗോളത്തിന്റെ പരിഭ്രമണം ഒരു നക്ഷത്ര ദിവസമാണ്. ഒരു സൂര്യോദയം മുതല്‍ അടുത്ത സൂര്യോദയം വരെയുളള 60 നാഴിക സമയം ഒരു സാവന ദിനം. ഇപ്രകാരം 360 സാവ ദിനങ്ങള്‍ കൂടിയത് ഒരു സാവനവര്‍ഷം. 365.25 ദിവസം ഒരു സൗരവര്‍ഷം. കല്പ എത് ബ്രഹാമാവിന്റെ ഒരു ദിവസമാണ്. ഇത് നമ്മുടെ 432 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് തുല്യമാണ്.
യുഗങ്ങള്‍ നാലെണ്ണമാണ്. അവ,
1. കൃത അഥവാ സത്യ - 17,28,000 മനുഷ്യവര്‍ഷം
2. ത്രേതാ - 12,96,000 മനുഷ്യവര്‍ഷം
3. ദ്വാപരം - 8,64,000 മനുഷ്യവര്‍ഷം
4. കലി - 4,32,000 മനുഷ്യവര്‍ഷം 
ഈ നാലു യുഗങ്ങള്‍ കൂടിയ 4,32,000 വര്‍ഷങ്ങള്‍ ഒരു മഹായുഗമാകുന്നു. കലിയുഗം 3102 B.C.യില്‍ആരംഭിച്ചതായി കണക്കാക്കപ്പെടുന്നു.
സമയം കണക്കാക്കാനുളള ചില പ്രധാനപ്പെട്ട ഘടകങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.
1 വിനാഴിക - 24 സെക്കന്‍ഡ്
2.5 വിനാഴിക - 1 മിനിറ്റ്
60 വിനാഴിക - 1 നാഴിക = 24 മിനിറ്റ്
2.5 നാഴിക - 1 മണിക്കൂര്‍
60 നാഴിക - 1 ദിവസം
7 ദിവസം - 1 ആഴ്ച
2 ആഴ്ച - 1 പക്ഷം. (കൃഷ്ണപക്ഷം, വെളുത്തപക്ഷം എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു).
2 പക്ഷം - 1 മാസം
2 മാസം - 1 ഋതു
6 മാസം - 1 അയനം
2 അയനം - 1 വര്‍ഷം.
മാസങ്ങള്‍ പന്ത്രെണ്ടണ്ണം - ചൈത്രം, വൈശാഖം, ജ്യേഷ്ഠം, ആഷാഢം, ശ്രാവണം, പ്രോഷ്ഠപദം, അശ്വിനം, കാര്‍ത്തിക, മാര്‍ഗ്ഗശീര്‍ഷ, പൗഷ, മാഘ, ഫല്‍ഗുന
ഋതുക്കള്‍ ആറെണ്ണം - വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ശിശിരം, ഹേമന്തം.
അയനങ്ങള്‍ രണ്ടെണ്ണം - ദക്ഷിണായനം, ഉത്തരായനം.
ഒരു ചാന്ദ്രദിവസത്തെ തിഥി എന്നു പറയുന്നു.
ഓരോ പക്ഷത്തിലും 15 തിഥികള്‍ ഉണ്ട് . തിഥികള്‍ ഇപ്രകാരമാണ്.
പ്രഥമ, ദ്വിതീയ, ത്രിതീയ, ചതുര്‍ത്ഥി, പഞ്ചമി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുര്‍ദശി, അമാവാസി അല്ലെങ്കില്‍ പൗര്‍ണ്ണമി.
അജ്ഞാതമായ ഭാവിയെ അഭിമുഖീകരിക്കു മനുഷ്യന്‍, അവന്റെ ജീവിതയാത്ര സുഗമവും സമാധാന പൂര്‍ണ്ണവുമാക്കിത്തീര്‍ക്കുതിനുളള മാര്‍ഗ്ഗങ്ങളെപ്പറ്റി അറിയുവാന്‍ വേണ്ടിയുളളതാണ് ജ്യോതിശാസ്ത്രം. ജീവിതത്തിലെ സുഖ ദുഃഖാനുഭവങ്ങളെയും ജയപരാജയങ്ങളുടെയും അടിസ്ഥാന കാരണങ്ങളെക്കുറിച്ചുളള സൂചനകള്‍ ജ്യോതിഷം നല്കുന്നു.
ജ്യോതിശാസ്ത്രത്തിന്റെ വേരുകള്‍ പൂര്‍വ്വജന്മകൃത്യങ്ങളായ പുണ്യപാപങ്ങള്‍ പുനര്‍ജന്മം എന്നിങ്ങനെയുളള വിശ്വാസങ്ങളില്‍ അധിഷ്ഠിതമാണ്. ഏതൊരു ജീവജാലവും അനുഭവിക്കുന്നത് സ്വന്തം കര്‍മ്മഫലമാണ്. അത് ഈ ജന്മത്തിലേയോ ഏതെങ്കിലും പൂര്‍വ്വ ജന്മങ്ങളിലേയോ കര്‍മ്മം ആകാം. പൂര്‍വ്വജന്മങ്ങളിലെ കര്‍മ്മങ്ങള്‍ അറിയാന്‍ ജാതകം സഹായിക്കുന്നു. മുന്‍ ജന്മങ്ങളില്‍ ഒരുവന്‍ ചെയ്ത് ദുഷ്‌കര്‍മ്മത്തിന്റെ ശിക്ഷ ഒരു പക്ഷെ ഈ ജന്മം അനുഭവിക്കേണ്ടി വരുമായിരിക്കും. ജ്യോതിഷത്തിന്റെ സഹായത്താല്‍ നമുക്ക് അവ മുന്‍കൂട്ടി അറിഞ്ഞ് പ്രതിവിധികള്‍ ചെയ്യാന്‍ കഴിയും.
Copy Code