വിവാഹപ്പൊരുത്തം


വിവാഹ വിഷയത്തില്‍ നക്ഷത്രം കൊണ്ടും, ജാതകം കൊണ്ടും പൊരുത്തങ്ങള്‍ നോക്കുന്നു. പൊരുത്തങ്ങള്‍ 28 വിധം ഉണ്ടെങ്കിലും പ്രധാനമായും 10 പൊരുത്തങ്ങള്‍ നോക്കുന്നു.

സ്ത്രീകളുടെ നക്ഷത്രത്തെ ആധാരമാക്കിയാണ് നക്ഷത്ര പൊരുത്തം ചിന്തിക്കേണ്ടത്‌.

1. രാശി 2. രാശ്യാധിപന്‍ 3.ദിനം 4. യോനി 5. വശ്യം 6. ഗണം 7. മഹേന്ദ്രം 8. സ്ത്രീ ദീര്‍ഘം എന്നിവ പൊരുത്തങ്ങളും, മദ്ധ്യമരജു, വേധം എന്നിവ ദോഷങ്ങളും ആണ്.

1. രാശിപ്പൊരുത്തം

സ്ത്രീ ജാതകത്തിന് യോജിക്കുന്ന പുരുഷ ജാതകം നോക്കുന്നു _ സ്ത്രീ ജാതകമാണ് അടിസ്ഥാനം. ചന്ദ്രരാശി നോക്കിയാണ് പൊരുത്തങ്ങള്‍ നോക്കുന്നത്. അതായത് നക്ഷത്രങ്ങള്‍ നോക്കിയാണ്. സ്ത്രീയുടെ കൂറില്‍ നിന്ന് 1, 2, 3, 4, 5, 6 എന്നീ കൂറുകളില്‍ ജനിച്ച പുരുഷന്‍ വര്‍ജ്ജ്യനാണ് എങ്കിലും ഒന്നാം കൂറും നാലാം കൂറും എടുക്കാവുന്നതാണ്. സ്ത്രീ ജനിച്ച രാശിയില്‍ നിന്നും ആറാമത്തെയോ, എട്ടാമത്തെയോ രാശിയില്‍ ജനിച്ച പുരുഷന്‍ വര്‍ജ്ജ്യനാണ്. ഈ ദോഷത്തിന് 'ഷഷ്ഠാഷ്ടമം' എന്ന് പറയുന്നു. രണ്ടും പരസ്പരം 6 ഉം 8 ഉം രാശി എന്നര്‍ത്ഥം.

1. ഷഷ്ഠാഷ്ടമാണെങ്കിലും ആ രണ്ടു രാശികളുടെയും അധിപന്മാര്‍ ഒരേ ഗ്രഹം ആയാല്‍ ഈ ദോഷം പരിഹരിക്കപ്പെടുന്നു.

2. കുടാതെ സ്ത്രീയുടെ രാശി, ഓജരാശി ( മേടം, മിഥുനം, ചിങ്ങം , തുലാം, ധനു, കുംഭം ) യാണെങ്കില്‍ അതില്‍ നിന്നും ആറാം രാശിയിലും എട്ടാം രാശിയിലും ജനിച്ച പുരുഷന്‍ വര്‍ജ്ജ്യനല്ല. എന്നാല്‍ സ്ത്രീയുടെ രാശി യുഗ്മരാശി ( ഇടവം, കര്‍ക്കിടകം, കന്നി, വൃശ്ചികം, മകരം, മീനം ) ആണെങ്കില്‍ അതില്‍ നിന്നും ആറാം കൂറില്‍ ജനിച്ച പുരുഷനെ വര്‍ജ്ജിക്കണം. എട്ടാം രാശിയില്‍ ജനിച്ച പുരുഷന്‍ സ്വീകാര്യനുമാണ്.

ഒരേ കൂറില്‍ തന്നെ രണ്ടു നക്ഷത്രങ്ങളില്‍ ജനിച്ചാല്‍ ആ സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ വിവാഹം ആകാം. സ്ത്രീ ജനിച്ച നക്ഷത്രത്തിന്‍റെ പുറകിലായിരിക്കണം പുരുഷ നക്ഷത്രം. ഇതിന് ഏകരാശിദ്വിനക്ഷത്രം എന്ന് പറയുന്നു.

ഭരണി, രോഹിണി, തിരുവാതിര, പൂയ്യം, ആയില്യം, മകം അത്തം, തൃക്കേട്ട, മൂലം, പുരാടം, അവിട്ടം, ചതയം എന്നീ 12 നക്ഷത്രക്കാര്‍ തമ്മില്‍ വിവാഹം വര്‍ജ്ജ്യമാണ് . ഇതിന് ഏകനക്ഷത്ര ദോഷം എന്ന് പറയുന്നു. ശേഷമുള്ള 15 നക്ഷത്രക്കാര്‍ക്ക് ഒരേ നക്ഷത്രമാണെങ്കിലും വിവാഹമാകാം. അനോന്യം ഏഴാം രാശി ആയാല്‍ സമസപ്തമം എന്ന പൊരുത്തം ഉണ്ട്. ഇത് ഏറ്റവും നല്ലതാണ്.

2. രാശ്യാധിപ പൊരുത്തം

സ്ത്രീയുടെയും, പുരുഷന്‍റെയും കൂറുകളുടെ അധിപന്മാര്‍ തമ്മില്‍ ബന്ധുക്കളായിരുന്നാലും, ഒരേ ഗ്രഹമായിരുന്നാലും, രാശ്യാധിപ പൊരുത്തം ഉണ്ട്. ഈ പൊരുത്തം ദമ്പതികള്‍ക്ക് പിറക്കുന്ന കുട്ടികളുടെ സാമര്‍ത്ഥ്യം, ആയുസ്സ്, ഭാഗ്യം തുടങ്ങിയവയെ സ്വാധീനിക്കുന്നു.

3. വശ്യപ്പൊരുത്തം

സ്ത്രീ ജനിച്ച രാശിയുടെ വശ്യരാശിയില്‍ പുരുഷനോ, പുരുഷന്‍ ജനിച്ച രാശിയുടെ വശ്യരാശിയില്‍ സ്ത്രീയോ ജനിച്ചാല്‍ വശ്യപ്പൊരുത്തം ഉണ്ട്. ഇരുവരും തമ്മിലുള്ള ദൃഡാനുരാഗത്തെ വശ്യപ്പൊരുത്തം സ്വാധീനിക്കുന്നു.
രാശിവശ്യരാശികള്‍
ഇടവംകര്‍ക്കിടകം,തുലാം
മിഥുനംകന്നി
കര്‍ക്കിടകംതുലാം
ചിങ്ങംചിങ്ങം, വൃശ്ചികം
കന്നിമിഥുനം, മീനം
തുലാംകന്നി, മകരം
വൃശ്ചികംകര്‍ക്കിടകം
ധനുമീനം
മകരംകുംഭം, മേടം
കുംഭംമേടം
മീനംമകരം
4. മഹേന്ദ്രപ്പൊരുത്തം
സ്ത്രീ ജനിച്ച നക്ഷത്രത്തില്‍ നിന്നും, അനുജന്മ നക്ഷത്രത്തില്‍ നിന്നും, 4, 7, 10 ഈ നക്ഷത്രങ്ങളില്‍ പുരുഷന്‍ ജനിച്ചാല്‍ മഹേന്ദ്രപ്പൊരുത്തം ഉണ്ട്. ഭാര്യയേയും, സന്താനങ്ങളേയും പരിരക്ഷിക്കുന്നതിനുള്ള മാനുഷികവും, കായികവും, സാമ്പത്തികവുമായ കഴിവ് പുരുഷന്‍ പ്രദാനം ചെയ്യാന്‍ ഈ പൊരുത്തത്തിന് സാധിക്കുന്നു.

5. ഗണപ്പൊരുത്തം

27 നക്ഷത്രങ്ങളെ ദേവഗണം, അസുരഗണം, മനുഷ്യ ഗണം എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. സ്ത്രീ പുരുഷന്മാര്‍ ഒരേ ഗണത്തില്‍പ്പെട്ടവരാന്നെങ്കില്‍ ഉത്തമം. ദേവഗണവും, അസുരഗണവും ചേര്‍ന്നാല്‍ അധമം. ദേവഗണത്തില്‍ ജനിച്ച പുരുഷന്‍ മനുഷ്യഗണത്തില്‍ ജനിച്ച സ്ത്രീ ശുഭയാണ്. അസുരഗണത്തില്‍ ജനിച്ച പുരുഷന്, മനുഷ്യഗണ സ്ത്രീ മദ്ധ്യമയാണ്. ദേവഗണത്തില്‍ ജനിച്ച സ്ത്രീയ്ക്ക് മനുഷ്യഗണത്തില്‍ ജനിച്ചവന്‍ നിന്ദ്യനാകുന്നു. ഐശ്വര്യ പൂര്‍ണ്ണവും, സംതൃപ്തവുമായ കുടുംബ ജീവിതം ഉത്തമമായ ഗണപ്പൊരുത്തം സഹായകരമാണ്.
ദേവന്‍അസുരന്‍മനുഷ്യന്‍
അശ്വതികാര്‍ത്തികഭരണി
മകയിരംആയില്യംരോഹിണി
പുണര്‍തംമകംതിരുവാതിര
പൂയ്യംചിത്തിരപുരം
അത്തംവിശാഖംഉത്രം
ചോതിതൃക്കേട്ടപുരാടം
അനിഴംമൂലംഉത്രാടം
തിരുവോണംഅവിട്ടംപുരുട്ടാതി
രേവതിചതയംഉത്രട്ടാതി

6. യോനിപ്പൊരുത്തം

27 നക്ഷത്രങ്ങളെ പുരുഷ യോനി, സ്ത്രീ യോനി എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. പുരുഷ യോനിയില്‍ ജനിച്ച പുരുഷന് സ്ത്രീ യോനിയില്‍ ജനിച്ച സ്ത്രീ ഉത്തമം. ഇരുവരും സ്ത്രീ യോനിയില്‍ മദ്ധ്യമം. രണ്ടുപേരും പുരുഷ യോനിയില്‍ ജനിച്ചവരാണങ്കില്‍ ദോഷമാണ്. സ്ത്രീ പുരുഷന്മാര്‍ വിരുദ്ധ യോനിയില്‍ ജനിച്ചവരെങ്കില്‍ അതി കഷ്ടമാണ്. യോനിപ്പൊരുത്തത്തിന്‍റെ അഭാവം മുലം അസംതൃപ്തി, സന്താനങ്ങളെ കൊണ്ടുള്ള ദുരിതങ്ങള്‍, തുടങ്ങിയ അസുഖകരമായ അവസ്ഥകള്‍ക്ക് കാരണമായേക്കാവുന്നതാണ്.

പുരുഷയോനി നക്ഷത്രങ്ങള്‍ 

അശ്വതി, ഭരണി, പൂയ്യം, ആയില്യം, മകം, ഉത്രം, ചോതി, വിശാഖം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, പുരുരുട്ടാതി.

സ്ത്രീയോനി നക്ഷത്രങ്ങള്‍

കാര്‍ത്തിക, രോഹിണി, മകയിര്യം, തിരുവാതിര, പുണര്‍തം, പൂരം, അത്തം, ചിത്തിര, അനിഴം, അവിട്ടം, ചതയം, ഉത്രട്ടാതി, രേവതി.

7. ദിനപ്പൊരുത്തം

സ്ത്രീ ജനിച്ച നക്ഷത്രത്തില്‍ നിന്ന് 3, 5, 7, 12, 14, 16, 21, 23, 25 ഈ നക്ഷത്രങ്ങളില്‍ ഒന്നാണ് പുരുഷന്‍റെ ജന്മ നക്ഷത്രമെങ്കില്‍ ദിനപ്പൊരുത്തം ഇല്ല. അശുഭമാണന്നര്‍ത്‌ഥം. എന്നാല്‍ 7, 16, 25 എന്നീ നാളുകള്‍ക്ക് മഹേന്ദ്രപ്പൊരുത്തമെന്ന ഗുണമുള്ളതുകൊണ്ടു അവയെ അത്ര ദോഷമായി കരുതേണ്ടതില്ല.. സ്ത്രീ ജനിച്ചത് നക്ഷത്രത്തിന്‍റെ ഏതു പാദത്തിലാണോ, അതു മുതല്‍ 88 മത്തെ നക്ഷത്രപാദത്തില്‍ ജനിച്ച പുരുഷനേയും, സ്ത്രീ ജനിച്ച നക്ഷത്ര പാദത്തില്‍ നേരെ പിറകിലുള്ള നക്ഷത്രപാദത്തില്‍ ( 108 കാല്‍ ) ജനിച്ച പുരുഷനേയും വര്‍ജ്ജിക്കേണ്ട്താണ്.

ഈ പൊരുത്തം സ്ത്രീ പുരുഷന്മാരുടെ മാനസികമായ യോജിപ്പിനെയും, സുഖ ജീവിതത്തിനെയും ഉദ്ദേശിക്കുന്നതാണ്. എന്നാല്‍ അവയെ പ്രദാനം ചെയ്യുന്ന രാശിപ്പൊരുത്തമോ, യോനിപൊരുത്തമോ ശുഭപ്രദമായുണ്ടെങ്കില്‍ ദിനപ്പൊരുത്തമില്ലെങ്കില്‍ ദോഷം ഉണ്ടാകുന്നതല്ല.

8. സ്ത്രീ ദീര്‍ഘപ്പൊരുത്തം

സ്ത്രീ ജനിച്ച നക്ഷത്രത്തില്‍ നിന്നും പുരുഷന്‍റെ ജന്മ നക്ഷത്രത്തിലേക്കുള്ള ദൈര്‍ഘ്യമാണ് ഈ പൊരുത്തത്തിനാധാരം. സ്ത്രീ നക്ഷത്രത്തില്‍ നിന്നും 15 നക്ഷത്രത്തിന് മേലാണ് പുരുഷ നക്ഷത്രമെങ്കില്‍ ദീര്‍ഘപ്പൊരുത്തം ഉണ്ട്. സ്ത്രീയ്ക്ക് ദീര്‍ഘമംഗല്യത്തെ പ്രദാനം ചെയ്യാന്‍ ഈ പൊരുത്തത്തിന് കഴിയും എന്ന് പറയുന്നു.

9. രജുദോഷം

27 നക്ഷത്രങ്ങളെ മുന്ന് വിഭാഗമായി തിരിച്ചിരിക്കുന്നു. ഇതില്‍ സ്ത്രീ പുരുഷന്മാരുടെ നക്ഷത്രങ്ങള്‍ ഒരേ രജുവില്‍ വരുന്നത് ദോഷമാണ്. അതില്‍ തന്നെ മദ്ധ്യമ രജു വര്‍ജ്ജ്യമാണ്‌. മറ്റു പൊരുത്തങ്ങള്‍ ഉത്തമമെങ്കില്‍ പ്രഥമരജുവും, അന്ത്യ രജുവും ദോഷമായി കണക്കാക്കേണ്ടതില്ല.

പ്രഥമരജുമദ്ധ്യമരജുഅന്ത്യരജു
അശ്വതിഭരണികാര്‍ത്തിക
തിരുവാതിരമകയീര്യംരോഹിണി
പുണര്‍തംപൂയ്യംആയില്യം
ഉത്രംപൂരംമകം
അത്തംചിത്തിരചോതി
തൃക്കേട്ടഅനിഴംവിശാഖം
മൂലംപുരാടംഉത്രാടം
ചതയംഅവിട്ടംതിരുവോണം
പൂരുരുട്ടാതിഉത്രട്ടാതിരേവതി

നക്ഷത്രങ്ങള്‍ എണ്ണുമ്പോള്‍ ആരോഹണത്തില്‍ വരുന്ന മദ്ധ്യമരജുവിന് ആരോഹി മദ്ധ്യമരജു എന്നും അവരോഹണത്തില്‍ വരുന്ന മദ്ധ്യമരജുവിന് അവരോഹി മദ്ധ്യമരജു എന്നും പറയുന്നു. ഉദാഹരണത്തിന് ഭരണി ആരോഹണത്തിലും മകയീര്യം അവരോഹണത്തിലുമാണ്.

ഒരാളുടെത് ആരോഹി മദ്ധ്യമരജുവിലും മറ്റേത് അവരോഹി മദ്ധ്യമരജുവിലും ആണെങ്കില്‍ മദ്ധ്യമരജുദോഷം സാരമാക്കേണ്ടതില്ലെന്നും അഭിപ്രായമുണ്ട്.

10. വേധദോഷം

പരസ്പരം വേധദോഷമുള്ള നക്ഷത്രങ്ങള്‍ തമ്മില്‍ വിവാഹം വര്‍ജ്ജ്യമാണ്. വേധദോഷം ഭവിച്ചാല്‍ ഭാര്യയ്ക്കും, ഭര്‍ത്താവിനും കുടുംബത്തോടെ ദോഷം ഭവിക്കുമെന്ന് പറയപ്പെടുന്നു.

വേധദോഷമുള്ള നക്ഷത്രങ്ങള്‍

1. അശ്വതി -- തൃക്കേട്ട 

2. ഭരണി -- അനിഴം

3. കാര്‍ത്തിക -- വിശാഖം

4. രോഹിണി -- ചോതി

5. മകയീര്യം -- ചിത്തിര, അവിട്ടം

6. തിരുവാതിര -- തിരുവോണം

7. പുണര്‍തം -- ഉത്രാടം

8. പൂയ്യം -- പുരാടം

9. ആയില്യം -- മൂലം

10. മകം -- രേവതി

11. പൂരം -- ഉത്രട്ടാതി

12. ഉത്രം -- പൂരുരുട്ടാതി

13. അത്തം -- ചതയം

ആയവ്യയങ്ങള്‍

സ്ത്രീ ജന്മ നക്ഷത്രം മുതല്‍ പുരുഷന്‍റെ ജന്മ നക്ഷത്രം വരെ എണ്ണിയാല്‍ വരുന്ന സംഖ്യയെ 5 കൊണ്ട് ഗുണിച്ച് 7 കൊണ്ട് ഹരിച്ചു കിട്ടുന്നത് വ്യയം.

പുരുഷന്‍റെ ജന്മ നക്ഷത്രം മുതല്‍ സ്ത്രീയുടെ ജന്മ നക്ഷത്രം വരെ എണ്ണിയ സംഖ്യയെ 5 കൊണ്ട് ഗുണിച്ച്‌ 7 കൊണ്ട് ഹരിച്ചാല്‍ കിട്ടുന്നത് ആയം . ആയവ്യയങ്ങളില്‍ ആയം അധികം വന്നാല്‍ തമ്മിലുള്ള വിവാഹം ശോഭനമാണ്.

മന:പ്പൊരുത്തം 

' യസ്യാംമന: സമാസക്തം

താമേവ വിവഹേതു ബുധ:

സര്‍വ്വാനുഗുണ ഭാഗേപി

മനോനു ഗുണതാധിക ' 

പുരുഷന് ഒരു സ്ത്രീയില്‍ ആസക്തി ജനിച്ചാല്‍ തീര്‍ച്ചയായും ആ സ്ത്രീയെ തന്നെ പാണിഗ്രഹണം ചെയ്യണം. എല്ലാ ഗുണങ്ങളിലും വച്ച് മനോഗുണമാണ് പ്രധാനം. ഇവിടെ ഉദ്ദേശിക്കുന്ന മന:പ്പൊരുത്തം ഭോഗതൃഷ്ണ കൊണ്ടുള്ള ആശക്തിയല്ല. സ്വതസിദ്ധമായ മനോഗുണമാണ്. 

ജാതകപ്പൊരുത്തം

നക്ഷത്രപ്പൊരുത്തം കൂടാതെ സ്ത്രീ പുരുഷന്മാരുടെ ജാതകങ്ങള്‍ തമ്മിലും പൊരുത്തം നോക്കേണ്ടതുണ്ട്. ലഗ്നാലും, ചന്ദ്രാലും, ശുക്രാലും ജാതകങ്ങളിലെ പാപ ഗ്രഹങ്ങളുടെ ഇഷ്ടാനിഷ്ട സ്ഥാനങ്ങള്‍ നോക്കി പാപസാമ്യം പരിശോധിക്കേണ്ടതാണ്. സ്ത്രീ പുരുഷന്മാരുടെ ജാതകങ്ങളില്‍ കുജന്‍, രവി, ശനി, രാഹു എന്നീ പാപ ഗ്രഹങ്ങള്‍ ലഗ്നം 1, 2, 4, 7, 8, 12 ഈ ഭാവങ്ങളിലാണെങ്കില്‍ അവയ്ക്ക് രണ്ട് ജാതകങ്ങളിലും തുല്യ ബലമുണ്ടായിരിക്കണം. സ്ത്രീ ജാതകത്തില്‍ ഏഴിലോ, എട്ടിലോ നില്‍ക്കുന്ന പാപന് പുരുഷ ജാതകത്തില്‍ ഏഴില്‍ നില്‍ക്കുന്ന പാപന്‍ മാത്രമേ പരിഹാരമാവുകയുള്ളൂ. വ്യയധനഹിബുക സ്ഥാനങ്ങളിലെ ( 12, 2, 4 ) പാപന്മാര്‍ക്ക് പരിഹാരമായി രണ്ട് ജാതകങ്ങളിലും 12, 2, 4 സ്ഥാനങ്ങളില്‍ പാപന്മാരുണ്ടായിരിക്കണം. സാധാരണയായി ലഗാല്‍ 1 ചന്ദ്രന്‍ 1/2 ശുക്രന്‍ 1/4എന്ന ക്രമത്തില്‍ മൂല്യങ്ങള്‍ കൊടുക്കുന്നു. രണ്ടു ജാതകങ്ങളിലും പാപന്മാര്‍ തുല്യരാകുന്നത് ഏറ്റവും നല്ലതാണ്. പുരുഷനേക്കാള്‍ സ്ത്രീ ജാതകത്തില്‍ പാപത്വം ഒരിക്കലും കൂടരുത്. വ്യാഴയോഗമോ, ദൃഷ്ടിയോ ഉണ്ടെങ്കില്‍ പാപത്വം കുറയുന്നു. 

1. കുജന്‍ ലഗ്നാധിപനായാല്‍ കുജദോഷം ഇല്ല.

2. പാപസാമ്യത്തിന് നോക്കുന്ന ഭാവങ്ങളില്‍ എല്ലാം ( 12, 1, 2, 4, 7, 8 ) കുജന്‍ ദോഷകാരകനാകുന്നു. കുജന്‍ ഏഴാം ഭാവാധിപനായി അഷ്ടമത്തില്‍ നിന്നാല്‍ കുജദോഷം പറയരുത്.

3. അഷ്ടമത്തില്‍ കുജന്‍ നില്‍ക്കുമ്പോള്‍ 9 ല്‍ ശുഭഗ്രഹമുണ്ടെങ്കില്‍ കുജദോഷം പറയരുത്.

4. ഗുരു ദൃഷ്ടിയുള്ള കുജന് ദോഷം പറയരുത്.

5. ലഗ്നാധിപനായ കുജന്‍ അഷ്ടമത്തില്‍ ( സ്ത്രീ ജാതകത്തില്‍ നിന്നാല്‍ ) ദോഷം പറയരുത്.. ഭാവം നോക്കി അഷ്ടമത്തിലെ സ്ഥിതി സ്ഥിരീകരിക്കണം.

6. രണ്ടു ജാതകങ്ങളിലും അഷ്ടമത്തിലെ കുജന്‍ ദോഷമാണ്. 

ദശാസന്ധി

ജാതകങ്ങള്‍ ചേര്‍ക്കുന്നതിന് മുന്‍പായി രണ്ടു ജാതകങ്ങളിലേയും ദശാസന്ധി കൂടി പരിശോധിക്കണം. രണ്ടു ജാതകങ്ങള്‍ ദശകള്‍ അവസാനിക്കുമ്പോള്‍ ഒരു കൊല്ലത്തിലധികം വ്യത്യാസം വേണം.

രാഹു / വ്യാഴ ദശാസന്ധി പുരുഷന്മാര്‍ക്കും, ശുക്ര / രവി ദശാസന്ധി സ്ത്രീകള്‍ക്കും, കുജ / രാഹു ദശാസന്ധി സ്ത്രീ പുരുഷന്മാര്‍ക്കും ഒരു പോലെയും ദോഷപ്രദമായിരിക്കും, 3, 5,7 എന്നീ നക്ഷത്രനാഥന്മാരുടെ ദശാസന്ധിയും ദോഷപ്രദമാണ്.
Copy Code