ശനി ദോഷത്തിനു പരിഹാരം




ജനിച്ച കൂറില്‍ ശനി സഞ്ചരിക്കുന്ന രണ്ടരവര്‍ഷക്കാലത്തെ ജന്മശനിയെന്ന്‌ പറയുന്നു. അതായത്‌ ഏഴരശ്ശനിയും ജന്മശനിയും ഒന്നിച്ചു വരുന്നകാലം. ഏറ്റവും കൂടുതല്‍ തിക്‌താനുഭവങ്ങള്‍ ഈ സമയത്ത്‌ ഉണ്ടാകാന്‍ സാദ്ധ്യതകള്‍ ഏറെയാണ്‌. ചന്ദ്രന്‍ നില്‍ക്കുന്ന രാശിയുടെ 4, 7, 10 എന്നീ രാശികളില്‍ ശനി സഞ്ചരിക്കുന്ന കാലത്തെ 'കണ്ടകശ്ശനി' എന്ന്‌ പറയുന്നു. അതായത്‌ 27 നക്ഷത്രങ്ങളുടെ 25 ശതമാനം പേര്‍ക്കു കണ്ടകശ്ശനി ഉണ്ടായിരിക്കും എന്നര്‍ത്ഥം. 
 ശനിദോഷക്കാലത്ത്‌ എല്ലാവര്‍ക്കും ഒരേ അനുഭവങ്ങളല്ല ഉണ്ടാകുന്നത്‌. ദശാപഹാരങ്ങളുടെ ഗുണദോഷങ്ങള്‍ അനുസരിച്ച്‌ ദോഷഫലങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. നല്ല ദശാപഹാര കാലങ്ങളില്‍ ദോഷഫലങ്ങള്‍ ഉണ്ടാകില്ല. അതുപോലെ ബാല്യകാലത്തും വാര്‍ദ്ധക്യകാലത്തും വരുന്ന ഏഴരശ്ശനിയേക്കാള്‍ കൂടുതല്‍ ദുഃഖം തരുന്നത്‌ യൗവ്വനകാലത്തുവരുന്ന ഏഴര ശനിയാണ്‌.
ചുരുക്കത്തില്‍ ഏഴരശ്ശനി, കണ്ടകശ്ശനി, എന്നു കേട്ടാല്‍ ഭയപ്പെടേണ്ട. അനുകൂല ജാതകവും നല്ല ഫലങ്ങളെ പ്രദാനം ചെയ്യുന്ന അപഹാരകാലവുമാണെങ്കില്‍ ശനിദോഷം നാമമാത്രമായിരിക്കും. ലാഭസ്‌ഥാനത്ത്‌ ഉച്ചസ്‌ഥനായി നിന്നാല്‍ ശനി തൃപ്‌തികരമായ ആരോഗ്യം, അധികാരികളുടെ പ്രീതി, അംഗീകാരം, അധികാരലാഭം, ധനാഗമം തുടങ്ങിയ ഫലങ്ങള്‍ നല്‍കും. അതുപോലെ യോഗകാരകനായ ശനിയുടെ ദോഷകാലവും ബുദ്ധിമുട്ടുകള്‍ കൂടാതെ മുന്നോട്ടുപോകും. ശശയോഗ ജാതകര്‍ക്കും ശനിദോഷം കുറഞ്ഞിരിക്കും.
പുരാതന നീതിശാസ്‌ത്രമായ അര്‍ത്ഥശാസ്‌ത്രത്തില്‍ മനുഷ്യജീവിതത്തില്‍ ശനിക്കുള്ള പങ്കിനേക്കുറിച്ച്‌ അത്ഭുതാവഹമായിത്തന്നെ വിവരിച്ചിട്ടുണ്ട്‌. ശനിയുടെ ഭ്രമണപഥത്തിന്റെ രീതിയെ 'വരാഹഹോര' എന്ന സംസ്‌കൃതഗ്രന്ഥത്തില്‍ സൂക്ഷ്‌മമായി വിവരിക്കുന്നു. ശനി ഭഗവാന്‍ എപ്പോഴും ദുരിതങ്ങളും ദുഃഖങ്ങളും മാത്രം നല്‍കുന്ന ഗ്രഹമാണെന്നത്‌ തെറ്റാണെന്ന്‌ വരാഹ മിഹിരന്‍ തന്റെ ഗ്രന്ഥത്തില്‍ പറയുന്നു. പൊതുവേ ജാതകത്തില്‍ 2, 6, 11 എന്നീ രാശികളെ കടക്കുമ്പോള്‍ ശനി അളവില്ലാത്ത നന്മകള്‍ ചെയ്യുന്നു. ചെയ്യുന്ന ജോലിയില്‍ കഠിനാദ്ധ്വാനത്താല്‍ വളരെ ഉന്നതപദവിയിലെത്താനുള്ള ശക്‌തിയേകാന്‍ ശനിക്കു മാത്രമേ കഴിയൂ.
തുലാം (ശനിയുടെ ഉച്ചരാശി) മകരം, കുംഭം (ശനിരാശികള്‍) എന്നീ രാശികളില്‍ ജനിച്ചവര്‍ക്കു ശനി ആയുസ്സ്‌, ആരോഗ്യം, തൊഴില്‍ എന്നിവയില്‍ വിശിഷ്‌ടമായ നന്മകള്‍ നല്‍കുന്നു. ജാതകത്തില്‍ ശനി മേടം രാശിയില്‍ നീചമായിരുന്നാലോ ലഗ്നത്തില്‍നിന്ന്‌ 4, 7, 8 എന്നീ സ്‌ഥാനങ്ങളിലാണെങ്കിലോ നിര്‍ബന്ധമായും ശനിഭഗവാനേയും പിതൃക്കളേയും ഇഷ്‌ടദൈവങ്ങളേയും പൂജിക്കണം.
ശനിദോഷം വിവാഹതടസ്സം ഉണ്ടാക്കുമോ എന്നുള്ള ചോദ്യം പൊതുവേ എല്ലാവര്‍ക്കും ആശങ്ക ഉണ്ടാക്കുന്നു. ജാതകത്തിലെ വിവാഹയോഗത്തേയും അനുകൂല ദശാപഹാരങ്ങളേയും ആശ്രയിച്ചാണ്‌ വിവാഹം നടക്കുന്നത്‌. എങ്കില്‍ ഏഴില്‍ നില്‍ക്കുന്ന ശനി കണ്ടകശ്ശനിക്കാലമാണെങ്കില്‍ തീര്‍ത്തും നല്ല സമയമാണെന്ന്‌ ഒരു ഉത്തമ ജ്യോത്സ്യന്‍ അഭിപ്രായപ്പെട്ടാല്‍ മാത്രമേ വിവാഹം നടത്താവൂ. അല്ലെങ്കില്‍ അത്രയും സമയം വിവാഹം ഒഴിവാക്കുന്നതായിരിക്കും ഉത്തമം.

പരിഹാരങ്ങള്‍

ശനിക്ക്‌ തന്റെ വിദ്യകളെ ഫലിപ്പിക്കാന്‍ കഴിയാത്ത ചില ദേവന്മാരുണ്ട്‌. ശനിദോഷക്കാലത്ത്‌ നാം ആ ദേവതകളെ അഭയം പ്രാപിച്ചാല്‍ മുക്‌തി ഉറപ്പാണെന്ന്‌ അനുഭവസ്‌ഥര്‍ വിശ്വസിക്കുന്നു. ശനി ബീജമന്ത്രമോ ശനി അഷ്‌ടോത്തരിയോ ഭജിച്ച്‌ ശനിയെ പ്രീതിപ്പെടുത്തുകയെന്ന മറ്റൊരു മാര്‍ഗ്ഗവുമുണ്ട്‌. എങ്കിലും ശനിക്ക്‌ ബാധിക്കാന്‍ പറ്റാത്ത ദേവതകളെ ശരണം പ്രാപിക്കുന്നതാണ്‌ ഉചിതമാര്‍ഗ്ഗം.
ശനിപീഡനത്തെ ശക്‌തമായി നേരിടുക എന്ന നിലപാടാണ്‌ ശാസ്‌താവിന്റേത്‌. അതിനാല്‍ ധര്‍മ്മശാസ്‌താവിനെ പ്രീതിപ്പെടുത്തുക. ധീരനായ വായുപുത്രന്‍ ഒരു മത്സരത്തിലൂടെ ശനിയെ നിഷ്‌ക്കരുണം തോല്‌പിച്ച്‌ തറപറ്റിക്കുകയായിരുന്നു. അന്ന്‌ ശനി ഹനുമാന്‌ കൊടുത്ത ഒരു വാഗ്‌ദാനമാണ്‌ 'ഹനുമാന്‍ ഭക്‌തരെ താന്‍ ശല്യം ചെയ്യുകയില്ല' എന്ന്‌.
വിഘ്‌നേശ്വരന്‌ ഏഴരശ്ശനിക്കാലമായപ്പോള്‍ ശനി ഗണപതിക്കു മുമ്പിലെത്തി വിവരം അറിയിച്ചു. ശിവപുത്രന്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു. അതിനെന്താ നാളെ വന്ന്‌ എന്നില്‍ പ്രവേശിച്ചോളൂ. ശനി പിറ്റേ ദിവസം വിഘ്‌നേശ്വരന്റെ മുമ്പിലെത്തി. അപ്പോഴും ഗണേശന്‍ പറഞ്ഞു: നാളെ വരാനല്ലേ പറഞ്ഞത്‌ പിന്നെ എന്തിന്‌ ഇന്നുവന്നു. ശനി മടങ്ങി.
പിന്നീട്‌ സമീപിച്ചപ്പോഴെല്ലാം അതേ ഉത്തരം. താന്‍ വഞ്ചിക്കപ്പെട്ടുവെന്ന്‌ ശനിക്കു ബോധ്യമായി. അക്കാര്യം പറഞ്ഞ്‌ പിണങ്ങിയ ശനിയോടു ശിവപാര്‍വ്വതി പുത്രന്‍ കല്‌പിച്ചു. 'നിന്റെ പേരുപറഞ്ഞ്‌ എന്റെ ഭക്‌തര്‍ എന്നെ ആശ്രയിച്ചാല്‍ അപ്പോഴെല്ലാം അവരുടെ രക്ഷകനായി ഞാനുണ്ടാകുമെന്ന്‌ ഓര്‍ത്തുകൊള്ളൂ.' അതിനാല്‍ ശനിദോഷ കാലങ്ങളില്‍ ഈ ദേവതകളെ അഭയം പ്രാപിക്കുന്നവര്‍ക്ക്‌ കഠിനദോഷങ്ങളില്‍നിന്ന്‌ മുക്‌തിനേടാം. ക്ഷേത്രവഴിപാടുകള്‍ കൂടാതെ ശാന്തി ലഭിക്കാവുന്ന മറ്റു ചില മാര്‍ഗ്ഗങ്ങളുണ്ട്‌. ശനിയുടെ മൂലമന്ത്രം, ശനി ഗായത്രി എന്നിവ ജപിക്കുക. ശനിപ്രീതിക്ക്‌ കടുംനീല, കറുപ്പ്‌ വസ്‌ത്രങ്ങള്‍ നിത്യം ധരിക്കാം. അതു സാധ്യമല്ലെങ്കില്‍ ശനിയാഴ്‌ചകളിലെങ്കിലും ധരിക്കുക.

Copy Code