ചൊവ്വാഴ്ചവ്രതം

ദേവീപ്രീതിക്കും ഹനുമല്‍പ്രീതിക്കും സുബ്രഹ്മണ്യ പ്രീതിക്കും ചൊവ്വാഴ്ചവ്രതം അനുഷ്ഠിക്കുന്നു. ജാതകത്തില്‍ കുജദോഷമുള്ളവര്‍ ഈ വ്രതം അനുഷ്ഠിക്കുന്നത് ദോഷകാഠിന്യമകറ്റാന്‍ നല്ലതാണ്. ചൊവ്വാദോഷംകൊണ്ട് വിവാഹത്തിനു പ്രതിബന്ധം നേരിടുന്നവരും പാപസാമ്യമില്ലാത്തതുമൂലം ചൊവ്വയുടെ അനിഷ്ടഫലമനുഭവിക്കുന്നവരും ചൊവ്വാഴ്ച വ്രതമനുഷ്ഠിക്കണം.

     പ്രഭാതസ്നാനം നടത്തി ഹനുമല്‍ക്ഷേത്രത്തിലോ ദേവീക്ഷേത്രത്തിലോ സുബ്രഹ്മണ്യ ക്ഷേത്രത്തിലോ  ദര്‍ശനവും വഴിപാടുകളും കഴിക്കുക. സിന്ദൂരം, രക്തചന്ദനം, മഞ്ഞള്‍പ്പൊടി, ചുവന്ന പുഷ്പങ്ങള്‍ എന്നിവകൊണ്ടുള്ള പൂജ നടത്താം. ശര്‍ക്കരയും നെയ്യും ചേര്‍ത്ത കടുംപായസം, ഹനുമാന് കുങ്കുമം, അവില്‍ എന്നിവ വഴിപാടായി കഴിക്കാം.സുബ്രഹ്മണ്യന് പഞ്ചാമൃത നിവേദ്യം,കുമാര സൂക്താര്ചന എന്നിവയും നടത്താം. ചൊവ്വാഴ്ച ദിവസം ഒരിക്കലൂണ് മാത്രം. രാത്രി ലഘുഭക്ഷണം. അതില്‍ ഉപ്പു ചേര്‍ക്കരുത്.


ജാതകപ്രകാരം ചൊവ്വാദശാകാലമുള്ളവര്‍, ചൊവ്വാദോഷം മൂലം വിവാഹതടസ്സം നേരിടുന്നവര്‍, പാപസാമ്യം കൂടാതെ വിവാഹം കഴിക്കേണ്ടി വന്നതുമൂലം ചൊവ്വയുടെ അനിഷ്ടഫലങ്ങള്‍ അനുഭവിക്കുന്നവര്‍ എന്നിവരൊക്കെ ചൊവ്വാഴ്ചവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ചുവന്ന പൂക്കള്‍ കൊണ്ട് അംഗാരകപൂജ നടത്തുക, അംഗാരകസ്‌തോത്രങ്ങള്‍ ജപിക്കുക എന്നിവയൊക്കെ ഈ ദിവസം ചെയ്യേണ്ടതാണ്. ചൊവ്വ ഉച്ചരാശിയായ മകരത്തില്‍ സഞ്ചരിക്കുന്ന കാലം ഈ വ്രതമനുഷ്ഠിക്കുന്നത് കൂടുതല്‍ ഫലപ്രദമായിരിക്കും.  ദോഷകാഠിന്യമനുസരിച്ച് 12, 18, 41 എന്നീ കണക്കില്‍ തുടര്‍ച്ചയായ ചൊവ്വാഴ്ചകളില്‍ വ്രതമനുഷ്ഠിക്കാം. ജാതകത്തില്‍ ചൊവ്വ ഓജരാശിയില്‍ നില്‍ക്കുന്നവര്‍ വ്രതദിവസം സുബ്രഹ്മണ്യക്ഷേത്രദര്‍ശനവും സുബ്രഹ്മണ്യപ്രീതികരങ്ങളായ സ്‌ത്രോത്രങ്ങളുടെ ജപവും നടത്തേണ്ടതാണ്. ചൊവ്വ യുഗ്മരാശിയിലാണ് നില്‍ക്കുന്നതെങ്കില്‍ ഭദ്രകാളീക്ഷേത്രദര്‍ശനം, ഭദ്രകാളിസ്‌ത്രോത്രജപം എന്നിവയാണനുഷ്ഠിക്കേണ്ടത്.

മേടം,മിഥുനം,ചിങ്ങം,തുലാം,ധനു,കുംഭം എന്നിവ ഓജ രാശികളും മറ്റുള്ള ആറു രാശികള്‍ യുഗ്മ രാശികളും ആകുന്നു.

ഋണമോചനം, വിവാഹതടസ്സം മാറല്‍, ജ്ഞാനവര്‍ദ്ധനവ് എന്നിവയാണ് ചൊവ്വാഴ്ച വൃതത്തിന്റെ ഫലങ്ങള്‍ 
Copy Code