ഏത് രത്നമാണ് ധരിക്കേണ്ടത് ?



ഏത് രത്നമാണ് ധരിക്കേണ്ടത് എന്നത് സാധാരണക്കാര്‍ക്കിടയില്‍ സ്വഭാവികമായ സംശയമാണ്. ചില ആളുകള്‍ ജനിച്ച നക്ഷത്രത്തിന്‍റെ രത്നം ധരിക്കാന്‍ ഉപദ്ദേശിക്കുന്നു. ചിലര്‍ ഏത് ദശയിലൂടെയാണ് വ്യക്തി കടന്നുപോകുന്നത് ആ ദശാനാഥന്‍റെ രത്നം ധരിക്കാന്‍ ഉദ്ദേശിക്കുന്നു. ചിലര്‍ എല്ലാ രത്നങ്ങളും ചേര്‍ത്ത് നവരത്നം ധരിക്കുന്നു. മറ്റു ചിലരാകട്ടെ ജാതകം പരിശോധിച്ച് രത്നം ഉപദേശിക്കുന്നു. ഇതിലേതാണ് നാം പിന്‍തുടരേണ്ടത് ?

ഒരു ജാതകത്തില്‍ ഏത് ഗ്രഹത്തിന് ശക്തിപ്പെടുത്തണമെന്ന് വിശകലനം വഴി ശക്തിപ്പെടുത്തേണ്ട ഗ്രഹം ഏതെന്നു മനസ്സിലാക്കാം. ആ ഗ്രഹം ഒരു കാരണവശാലും ലഗനാധിപന്‍റെ ശത്രുവാകരുത്. മറിച്ചു ചെയ്താല്‍ വീടിനകത്ത്‌ ശത്രുവിനായുധം നല്‍കുന്ന ഫലമായിരിക്കും ഉദാ : ഒരാളുടെ രത്നം ചിങ്ങമാണെങ്കില്‍ ശനി ഈ വ്യക്തിയുടെ ശത്രു ഭാവധിപന്‍ ആണ്. ശനി ലഗ്നാധിപനായ സൂര്യന്‍റെ ശത്രുവാണ്. ആയതിനാല്‍ ശനിയുടെ രത്നം ചിങ്ങ ലഗ്നക്കാരന്‍ ധരിച്ചാല്‍ പ്രതികൂല ഫലമേ ഉണ്ടാവു. മാണിക്യം ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

യത് പിണ്ഡേ തദ് ബ്രഹ്മാണ്ഡേ 

ബ്രഹ്മാണ്ഡത്തിന്‍റെ നേര്‍മാതൃകയാണ് പിണ്ഡാണ്ഡം. ഒരു വ്യക്തിയുടെ ജനന സമയത്ത് പ്രപഞ്ചത്തിലെ നിര്‍ണ്ണായക ഗ്രഹങ്ങളുടെ സ്ഥാനം ആ വ്യക്തിയുടെ ജാതകമായി മാറുന്നു. 

പൂര്‍വ്വ ജന്മാര്‍ജ്ജിതം കര്‍മ്മം
ശുഭം വാ യതിവാ ശുഭം 
തസ്യ പക്തിം ഗ്രഹാസര്‍വ്വേ 
സൂചേയന്തീഹ ജന്മനി .

പൂര്‍വ്വ കര്‍മ്മങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക ഗ്രഹസ്ഥിതിയില്‍ ഓരോ വ്യക്തിയും ജനിക്കുന്നു. ഈ ഗ്രഹസ്ഥിതിയില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ ആ വ്യക്തിയുടെ ജീവിതം കൊണ്ടു സാധിക്കും. മെഡിറ്റെഷന്‍, യോഗ, ഔഷധം, മന്ത്രങ്ങള്‍, ഭക്ഷണം, ജീവിത ശൈലി, രത്നധാരണം ഇതെല്ലാം വ്യക്തിയെ നല്ലതായി നിലനിര്‍ത്തുന്നതിന് പ്രയോജനം ചെയ്യും. ഭാരതീയ ജ്യോതിഷത്തിന്‍റെ കുലഗുരുവായിരുന്ന ശ്രീ.ബി.വി. രാമന്‍ എല്ലായ്പ്പോഴും ലഗ്നാധിപന്‍റെ രത്നം മോതിരമായി ധരിക്കാനാണ് ഉപദേശിക്കുന്നത്. ഇത് ഒരു സുരക്ഷാകവചമായി മാറുമെന്നാണ് അദ്ദേഹത്തിന്‍റെ മതം, ലഗനാധിപനെ കൂടാതെ യോഗകാരകന്‍റെ രത്നം ഉപയോഗിക്കുന്നതും നല്ലതാണ്. ഇടവ ലഗ്നക്കാരന്‍റെ ലഗ്നാധിപനായ ശുക്രന്‍ മീനത്തില്‍ ഉച്ചനായി നില്‍ക്കുന്നുവെങ്കില്‍ ടിയാന് വീണ്ടും ലഗ്നാധിപന്‍റെ രത്നമായ വജ്രം ( അഥവാ ) നിര്‍ദ്ദേശിക്കുന്നതില്‍ അര്‍ത്ഥമില്ല. പകരം യോഗകാരകനായ ( ഒന്‍പതും പത്തും ഭാവാധിപന്‍ ) ശനിയുടെ രത്നമായ ഇന്ദ്രനീലം ധരിച്ചാല്‍ പ്രയോജനം കിട്ടും. 

രത്നക്കല്ലുകള്‍ സാധാരണ കല്ലുകളേക്കാള്‍ കട്ടിയുള്ളവയാണ്. കൂടുതല്‍ പ്രകാശമുള്ളതും ഭംഗിയുള്ളതുമാണ്. ആ രത്നത്തിന്‍റെ നിറമുള്ള കിരണങ്ങളാണ് ഓരോ രത്നവും സൃഷ്ടിക്കുക. ഒരു ഗ്രഹത്തിനു പറഞ്ഞിരിക്കുന്ന രത്നം ആഗ്രഹത്തിന്‍റെ രശ്മികളെ സ്വാംശീകരിച്ച് ശരീരത്തിലെത്തിക്കുന്നു. വിഷ്ണുവിന്റെ ശരീരത്തില്‍ "സഹാരവക്ഷസ്ഥല കൌസ്തുഭശ്രിയാം" എന്ന് പറഞ്ഞിരിക്കുന്നതില്‍ നിന്നും കൌസ്തുഭമണി വിഷ്ണു ധരിച്ചിരുന്നു എന്ന് സൂചിപ്പിക്കുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ രത്നധാരണം ഉണ്ടായിരുന്നു എന്നും മനസ്സിലാക്കാം. രത്നധാരണം ഇപ്പോള്‍ പ്രചാരം കൂടി വരുന്ന ഒന്നാണ്. രത്നം വളരെ വില പിടിച്ചതാകയാലും പരിശുദ്ധമാകണമെന്നില്ലാത്തതിനാലും, ശുദ്ധമായ രത്നം ശരിയായ ഗ്രഹനില പരിശോധന നടത്തി കണ്ടെത്തി ധരിച്ചാല്‍ തീര്‍ച്ചയായും ഫലം ചെയ്യും. രത്നം മാത്രം ധരിച്ചാല്‍ പോര. നേരത്തെ പറഞ്ഞത് പോലെ ഒരു ജീവിത ശൈലിയും ഭഗവദ്‌ഗീതയില്‍ പറഞ്ഞിരിക്കുന്നത് പോലെ എല്ലാ കര്‍മ്മങ്ങളും ഭഗവാനില്‍ അര്‍പ്പിച്ച് ധര്‍മ്മത്തില്‍ അടിയുറച്ചു കര്‍മ്മം ചെയ്യുക എന്നതുമാണ് ജീവിത വിജയ മന്ത്രം. 

ദശാനാഥന്‍റെ രത്നം ധരിച്ചാല്‍ ചില ദോഷങ്ങളുണ്ട്. ദശാനാഥന്‍ ലഗ്നാധിപന്റെ ശത്രുവായാല്‍ ആ രത്നം ദോഷം ചെയ്യും ചുരുക്കത്തില്‍ ഗ്രഹനിലയും സ്ഫുടവും ഭാവവും എല്ലാം പഠിച്ച ശേഷം നിഷ്ക്കര്‍ഷിക്കുന്ന രത്നം ധരിക്കുന്നതാണ് ഉത്തമം. 

ഓരോ ലഗ്നത്തിനും പറഞ്ഞിരിക്കുന്ന രത്നങ്ങള്‍ താഴെപ്പറയുന്നു. 

ക്രമ നമ്പര്‍ലഗ്നംരത്നം
1മേടംചെമ്പവിഴം (Red Coral)
2ഇടവംവജ്രം (Diamond)
3മിഥുനംമരതകം(Emerald)
4കര്‍ക്കിടകംമുത്ത് (Pearl)
5ചിങ്ങംമാണിക്യം (Ruby)
6കന്നിമരതകം (Emerald)
7തുലാംവജ്രം(diamond)
8വൃശ്ചികംചെമ്പവിഴം(red coral)
9ധനുപുഷ്യരാഗം (yellow Saphire)
10മകരംഇന്ദ്രനീലം (blue Saphire)
11കുംഭംഇന്ദ്രനീലം (blue Saphire)
12മീനംപുഷ്യരാഗം (yellow Saphire)

വിദഗ്ധനായ ഒരു ജ്യോത്സ്യന്റെ (ജ്യോതിഷത്തെ കുറിച്ച് നല്ല അറിവുള്ള ആള്‍) ഉപദ്ദേശപ്രകാരം മാത്രമേ രത്നധാരണം നടത്താവൂ.
Copy Code