ജന്മ ദിവസ ഫലം

ദയം മുതല്‍ അടുത്ത ഉദയം വരെയാണ് ഭാരതീയ ജ്യോതിഷത്തില്‍  ഒരു ദിവസം കണക്കാക്കുന്നത്. (സാധാരണ 60 നാഴിക സമയം). ആഴ്ചയിലെ ഓരോ ദിവസവും ജനിക്കുന്നവര്‍ക്ക് വ്യത്യസ്തങ്ങളായ ഫലങ്ങളാണ് അനുഭവത്തില്‍ കാണുവാന്‍ കഴിയുക.

ഞായര്‍:     ഞായറാഴ്ച ജനിക്കുന്നവര്‍ക്ക് കൂടുതലായും ആദിത്യന്റെ സ്വാധീനം ഉണ്ടായിരിക്കും. കാഴ്ചയില്‍ ആരോഗ്യ ദൃഡ ഗാത്രരും പ്രായോഗിക നേട്ടങ്ങള്‍ ഉണ്ടാകാവുന്നവരും, ആത്മീയകാര്യങ്ങളില്‍ താല്‍പര്യക്കൂടുതല്‍ ഉള്ളവരും ആയിരിക്കും ഞായറാഴ്ച ജനിക്കുന്നവര്‍. ഇവര്‍ക്ക് സാഹസിക കാര്യങ്ങളില്‍ താല്പര്യ കൂടുതല്‍ ആയിരിക്കും. ജീവിത പങ്കാളിയോട് ഒരു പ്രത്യേക അഭിനിവേശവും താല്‍പര്യവും ഉള്ളവരായിരിക്കും. മത്സരങ്ങളില്‍ പങ്കെടുക്കുവാനും അതില്‍ വിജയിക്കുവാനും ഇവര്‍ക്ക് പ്രത്യേക വിരുതുണ്ടായിരിക്കും. പരോപകാരവും ദാനധര്‍മങ്ങളും മുഖമുദ്രകളാണ്.  സര്‍ക്കാര്‍ ജോലി പോലെയുള്ള ഉറച്ച ജോലികള്‍ ഇവര്‍ ഇഷ്ടപ്പെടുന്നു.  

തിങ്കള്‍:  ചന്ദ്രന്‍റെ  സ്വാധീനമാണ് തിങ്കളാഴ്ച ജനിക്കുന്നവരുടെ പ്രത്യേകത. സൌമ്യ സ്വഭാവക്കാരും , സൌന്ദര്യര്യമുള്ള മുഖത്തോടു കൂടിയവരുമായിരിക്കും. എല്ലാവരോടും സ്നേഹ, സഹായങ്ങള്‍ ഉള്ളവരായിരിക്കും . പെരുമാറ്റത്തില്‍  പക്വത കാണിക്കുന്നവരും ജീവിത പങ്കാളിയുമായി പരസ്പരം ഇഷ്ടപ്പെടുന്നവരുമായിരിക്കും. എങ്കിലും 
ചന്ദ്രന്‍റെ വൃദ്ധിക്ഷയങ്ങള്‍പോലെ എല്ലാ കാര്യത്തിലും ഏറ്റകുറച്ചിലുകള്‍ ഉള്ളവരായിട്ടാണ് ഇവര്‍ കാണപ്പെടുന്നത്. സാമ്പത്തികമായ വേലിയേറ്റവും ഇറക്കവും ഇവരുടെ പ്രത്യേകത ആണ്.

ചൊവ്വ :    ചൊവ്വാഴ്ച ജനിക്കുന്നവരുടെ പ്രത്യേകത
കുജന്‍റെ  സ്വാധീനമാണ്. പോരാട്ട വീര്യം ഇവര്‍ക്കുണ്ടായിരിക്കും. കീഴടങ്ങുന്ന മനോഭാവം ഇവര്‍ക്ക് തീരെ ഉണ്ടായിരിക്കുകയില്ല. പെരുമാറ്റം കര്‍ക്കശസ്വഭാവത്തോട് കൂടിയവരും പോരാട്ടം, മത്സരം എന്നിവയില്‍ ഉറച്ചുനില്‍ക്കുന്നവരും ആയിരിക്കും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ക്ക് പ്രത്യേക അഭിരുചി കാണും. ആരോഗ്യവും പുരുഷത്വവുമുള്ള ശരീരം ഇവരുടെ പ്രത്യേകതയാണ്. ഇവര്‍ ക്ഷിപ്രകോപികളും ക്ഷിപ്ര പ്രസാദികളുമായിരിക്കും. ഈ അര്‍ത്ഥത്തില്‍ ഇവര്‍ ശുദ്ധ ഹൃദയരുമാണ്. പോലീസ്, സേനാ വിഭാഗങ്ങള്‍ തുടങ്ങിയ ജോലികളില്‍ ഇവര്‍ക്ക് താല്പര്യം ഏറും.

ബുധന്‍:    ബുധനാഴ്ച ജനിക്കുന്നവരില്‍ തീര്‍ച്ചയായും ബുധന്റെ സ്വാധീനം ഉണ്ടായിരിക്കും. പ്രഭാഷണ കലയിലും വിദ്യാഭ്യാസ പരമായ പ്രവര്‍ത്തനങ്ങളിലും   ശോഭിക്കുന്നവരായിരിക്കും. ദീര്‍ഘായുസ്സ്, സൌന്ദര്യം, ശാസ്ത്രം, കല, സാഹിത്യം എന്നിവയില്‍ താല്‍പര്യമുള്ളവരും അഭിഭാഷകന്‍,അദ്ധ്യാപകന്‍, ഗ്രന്ഥകര്‍ത്താവ്, പത്ര പ്രവര്‍ത്തകന്‍, അഭിനേതാവ് എന്നീ നിലകളില്‍ പ്രസിദ്ധി നേടുന്നവരുമായിരിക്കും ബുധനാഴ്ച ജനിക്കുന്നവര്‍ എന്നാണു കണ്ടു വരുന്നത്.

വ്യാഴം :  വ്യാഴാഴ്ച ജനിക്കുന്നവര്‍ക്ക്  സ്വാഭാവികമായി വ്യാഴ ത്തിന്റെ  സ്വാധീനമുണ്ടായിരിക്കും. പുണ്യപ്രവര്‍ത്തി, സത്യസന്ധത, സദാചാരനിഷ്ഠ ,സല്‍ സ്വഭാവം എന്നീ ജീവിതമൂല്യങ്ങള്‍ മുറുകെ പിടിക്കുന്നവരായിരിക്കും ഇവര്‍. ക്ഷമയും  പക്വതയും ഇവരുടെ മുഖ മുദ്രകളായി കണ്ടു വരുന്നു.മറ്റുളവര്‍ക്ക് മാതൃകയായി  വര്‍ത്തിക്കുകയും അന്യര്‍ക്ക് ഉപദേശം നല്‍കാന്‍ തക്കകഴിവുള്ളവരുമായിരിക്കും ഇവര്‍.

വെള്ളി :    ശുക്രന്റെ സ്വാധീനമായിരിക്കും വെള്ളിയാഴ്ച ജനിക്കുന്നവര്‍ക്ക് ഉണ്ടാവുക. വീട്, ഭൂസ്വത്ത്, വാഹനം എന്നിവ സ്വന്തമായി ഉണ്ടാകാനുള്ള യോഗമുള്ളവരാണ് ഇവര്‍. ലൌകിക  സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അനുഭവവും  ഭാഗ്യമുള്ളവരും അതില്‍ താല്‍പര്യക്കൂടുതല്‍ ഉള്ളവരുമായിരിക്കും ഇവര്‍. സൌന്ദര്യമുള്ള  ശരീര പ്രകൃതി വെള്ളിയാഴ്ച ജനിച്ചവരുടെ ഏറ്റവും വലിയ പ്രത്യേകതയാണ്.സ്ത്രീ സംബന്ധിയായ ജോലികളില്‍ ഇവര്‍ അധികം ശോഭിക്കുന്നതായി കണ്ടു വരുന്നു.

ശനി:   ശനിയുടെ സ്വാധീനമാണല്ലോ ശനിയാഴ്ച ജനിക്കുന്നവര്‍ക്ക് ഉണ്ടാകുന്നത്. ബാല്യകാലങ്ങളില്‍ ഇവര്‍ ക്ലേശ അനുഭവങ്ങളും രോഗദുരിതങ്ങളും  അനുഭവിക്കേണ്ടിവരുന്നവരായിരിക്കും. കര്‍മ പരമായ അലസത ഇവര്‍ക്ക് പൊതുവായി കണ്ടു വരുന്നു. എന്നാല്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ ഇവര്‍ക്ക് ലക്ഷ്യബോധം തോന്നിയാല്‍ അതിനായി അഹോരാത്രം പരിശ്രമിക്കുവാന്‍ ഇവര്‍ക്ക് മടിയില്ല.   വരവില്‍ കവിഞ്ഞ് ചെലവ് ചെലവുചെയ്യുന്നവരുമാണെങ്കിലും പരാനുഗ്രഹവും പരധനവും ഇവര്‍ക്കു വേണ്ടുവോളം അനുഭവിക്കാന്‍ യോഗമുണ്ടായിരിക്കും.






Copy Code