ഗ്രഹ വിശേഷം



ജ്യോതിഷശാസ്‌ത്രത്തില്‍ സൂര്യനെ രാജാവായും ചന്ദ്രനെ രാജ്‌ഞിയായും കുജനെ സേനാനായകനായും ബുധനെ യുവരാജാവായും ഗുരു ശുക്രന്മാരെ മന്ത്രിമാരായും ശനിയെ ഭൃത്യനായും കണക്കാക്കുന്നു.
ജ്യോതിഷശാസ്‌ത്രത്തില്‍ ഗുളികനുള്‍പ്പെടെ 10 ഗ്രഹങ്ങളെക്കൊണ്ടാണ്‌ കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതെങ്കിലും സപ്‌തഗ്രഹങ്ങളായ സൂര്യന്‍, ചന്ദ്രന്‍, കുജന്‍, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നീ ഗ്രഹങ്ങളെക്കൊണ്ടാണ്‌ പ്രധാനമായും ഫലപ്രവചനം നടത്തുന്നത്‌. മേല്‍പ്പറഞ്ഞ ഓരോ ഗ്രഹത്തിനും ഓരോ കാരകത്വവും രാശിചക്രത്തില്‍ വരുന്ന ഓരോ രാശിയുടെയും ആധിപത്യവുമുണ്ട്‌. ജാതകം, പ്രശ്‌നം തുടങ്ങിയവയില്‍ ശനി ഒഴികെയുള്ള മറ്റു ഗ്രഹങ്ങള്‍ ബലവാന്മാരായിരുന്നാല്‍ അതാത്‌ ഗ്രഹത്തിന്‌ പറഞ്ഞിട്ടുള്ള കാരകത്വത്തിന്‌ വര്‍ധന വരികയും ബലമില്ലാത്ത അവസ്‌ഥയില്‍ കാരകത്വത്തിന്‌ ദൗര്‍ബ്ബല്യം സംഭവിക്കുകയും ചെയ്യും.
ശനി, ദുഃഖത്തിന്റെ കാരകനായിരുന്നാല്‍ ബലവാനാണെങ്കില്‍ ദുഃഖത്തിന്റെ കാഠിന്യം കുറയുകയും ബലഹീനനെങ്കില്‍ ദുഃഖത്തിന്റെ കാഠിന്യം കൂടുകയും ചെയ്യും. ജാതകത്തിലായാലും പ്രശ്‌നത്തിലായാലും ഏതു ഗ്രഹമാണോ ബലവാനായിട്ടുള്ളത്‌, ആ ഗ്രഹത്തിന്‌ പറഞ്ഞിട്ടുള്ള കാരകത്വപദവിയിലേക്ക്‌ അയാള്‍ ഉയരുവാന്‍ ഇടയുണ്ടെന്ന്‌ സൂചിപ്പിക്കുന്നു.
ജ്യോതിഷശാസ്‌ത്രത്തില്‍ സൂര്യനെ രാജാവായും ചന്ദ്രനെ രാജ്‌ഞിയായും കുജനെ സേനാനായകനായും ബുധനെ യുവരാജാവായും ഗുരു ശുക്രന്മാരെ മന്ത്രിമാരായും ശനിയെ ഭൃത്യനായും കണക്കാക്കുന്നു. രാശിചക്രത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശികളാണല്ലോ ഉള്ളത്‌. അതില്‍ ചിങ്ങം മുതല്‍ മകരം വരെയുള്ള 6 രാശികളുടെ ആധിപത്യം സൂര്യനും കര്‍ക്കടകം തൊട്ട്‌ കുംഭംവരെയുള്ള രാശികളുടെ ആധിപത്യം ചന്ദ്രനുമാണ്‌ കൊടുത്തിരിക്കുന്നത്‌. സൂര്യന്റെ രാശി ചിങ്ങവും ചന്ദ്രന്റെ രാശി കര്‍ക്കടകവുമാണ്‌.
സൂര്യചന്ദ്രന്മാര്‍ ജ്യോതിര്‍മണ്ഡലത്തിന്റെ രാജാവും രാജ്‌ഞിയുമായതുകൊണ്ട്‌, യുവരാജാവായ ബുധന്‌ സൂര്യന്‍ തന്റെ അടുത്തരാശിയായി കന്നി നല്‍കിയപ്പോള്‍ ചന്ദ്രന്‍ തന്റെ അടുത്തരാശിയായ മിഥുനം നല്‍കി.
നര്‍മ്മ സചിവനായ ശുക്രന്‌ അടുത്ത രാശികളായ ഇടവവും തുലാമും സൂര്യചന്ദ്രന്മാര്‍ നല്‍കി. മേടവും വൃശ്‌ചികവും സേനാനായകനായ കുജനും അതിന്റെ അടുത്തരാശികളായ ധനുവും മീനവും കാര്യ ഉപദേഷ്‌ടാവും മന്ത്രിയുമായ വ്യാഴത്തിനും നല്‍കി. ഭൃത്യനായ ശനിക്ക്‌ ബാക്കിവന്ന രണ്ട്‌ രാശികളായ മകരവും കുംഭവും യഥാവിധി നല്‍കുകയും ചെയ്‌തു.
സൂര്യന്റെ ആധിപത്യമുള്ള രാശികളില്‍ ബലവാന്മാരായ ഗ്രഹങ്ങള്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്ന വ്യക്‌തി സമര്‍ത്ഥനും കര്‍ക്കശസ്വഭാവം ഉള്ളവനും ആയിരിക്കും. ചന്ദ്രന്റെ രാശികളില്‍ ബലവാന്മാരായ ഗ്രഹങ്ങള്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്ന വ്യക്‌തി സൗമ്യനും മൃദുവായി സംസാരിക്കുന്നവനും സ്‌നേഹസമ്പന്നനുമായിരിക്കും.
സൂര്യാദിഗ്രഹങ്ങള്‍ക്ക്‌ ഓരോരുത്തര്‍ക്കും ഓരോനിറവും സ്വാദും ദിക്കും ഫലം കൊടുക്കുന്നതിനുള്ള കാലയളവുകളും ആചാര്യന്മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്‌. ഓരോ ഗ്രഹവും സൂചിപ്പിക്കുന്ന ഫലങ്ങള്‍ എത്രകാലംകൊണ്ട്‌ ഫലത്തില്‍വരും എന്നുള്ളത്‌ ഓരോ ജാതകത്തിലും അതാത്‌ ഗ്രഹങ്ങളുടെ സ്‌ഥിതികൊണ്ട്‌ പറയാവുന്നതാണ്‌. സാധാരണയായി സൂര്യന്‌ ആറു മാസവും ചന്ദ്രന്‌ രണ്ട്‌ നാഴികയും കുജന്‌ ഒരു ദിവസവും ബുധന്‌ രണ്ടു മാസവും വ്യാഴത്തിന്‌ ഒരു മാസവും ശുക്രന്‌ 15 ദിവസവും ശനിക്ക്‌ ഒരു വര്‍ഷവും ഫലപ്രാപ്‌തിക്കുളള കാലയളവായി കണക്കാക്കുന്നു.
സൂര്യന്‌ കിഴക്കും ശുക്രന്‌ തെക്കുകിഴക്കും കുജന്‌ തെക്കും രാഹുവിന്‌ തെക്കുപടിഞ്ഞാറും ശനിക്ക്‌ പടിഞ്ഞാറും ചന്ദ്രന്‌ വടക്കു പടിഞ്ഞാറും ബുധന്‌ വടക്കും വ്യാഴത്തിന്‌ വടക്ക്‌ കിഴക്കും ദിക്കുകളാകുന്നു. ഓരോ ഗ്രഹത്തിനും ഓരോ ദേവതാ സങ്കല്‍പ്പവും വസ്‌ത്രങ്ങളുടെ നിറങ്ങളും ആചാര്യന്മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്‌. ബലവാനായ സൂര്യന്‌ ചുവപ്പ്‌ നിറവും ബലഹീനനായ സൂര്യന്‌ കറുപ്പുനിറവുമാണ്‌. ചന്ദ്രന്റെ നിറം വെളുപ്പാണ്‌. കുജന്‌ ചുവപ്പുകലര്‍ന്ന കറുപ്പുനിറവും ബുധന്‌ കറുകയിലയുടേതുപോലുള്ള കറുപ്പുനിറവുമാണ്‌. വ്യാഴത്തിന്‌ നിറം വെളുപ്പും ശുക്രന്‌ ആകര്‍ഷകമായ കറുപ്പനിറവുമാണ്‌. ശനിയുടേതാകട്ടെ, കടും കറുപ്പാണ്‌.
സൂര്യന്‌ എരിവും ചന്ദ്രന്‌ ഉപ്പുരസവും കുജന്‌ കയ്‌പും ബുധന്‌ പലരസങ്ങളുടെ മിശ്രിതവും വ്യാഴത്തിന്‌ മധുരവും ശുക്രന്‌ പുളിയും ശനിക്ക്‌ ചവര്‍പ്പും രസങ്ങളാകുന്നു. ഒരു ജാതകത്തില്‍ ഏതു ഗ്രഹമാണോ ഉച്ചനായോ സ്വക്ഷേത്രബലവനായോ നില്‍ക്കുന്നത്‌, ആ ജാതകന്‌ ആ ഗ്രഹങ്ങള്‍ക്ക്‌ പറഞ്ഞിട്ടുള്ള രസത്തിനോട്‌ താല്‌പര്യം കൂടുതലായിരിക്കും. സൂര്യന്‌ ശിവന്‍, ചന്ദ്രന്‌ ദുര്‍ഗ്ഗ, കുജന്‌ സുബ്രഹ്‌മണ്യന്‍, ബുധന്‌ വിഷ്‌ണുവിന്റെ അവതാരങ്ങള്‍, വ്യാഴത്തിന്‌ മഹാവിഷ്‌ണു, ശുക്രന്‌ സാത്വികഗുണമുളള ഭഗവതി, ശനിക്ക്‌ ശാസ്‌താവ്‌ എന്നീ ദേവതാ സങ്കല്‌പമാണുള്ളത്‌.
സൂര്യന്‌ ചെമ്പുനിറമുള്ള വസ്‌ത്രവും ചന്ദ്രന്‌ വെളുത്തവസ്‌ത്രവും കുജന്‌ കുടുംചുവപ്പ്‌ വസ്‌ത്രവും ബുധന്‌ പച്ച വസ്‌ത്രവും വ്യാഴത്തിന്‌ മഞ്ഞവസ്‌ത്രവും ശുക്രന്‌ പലനിറങ്ങളുള്ള വസ്‌ത്രവും ശനിക്ക്‌ കറപ്പുവസ്‌ത്രവും ഉപയോഗിക്കുന്നു.
ജാതകത്തിലായാലും പ്രശ്‌നത്തിലായാലും ഗ്രഹപ്പിഴവുകള്‍ മനസ്സിലാക്കി യഥാവിധി അനിഷ്‌ടമായി നില്‍ക്കുന്ന ഗ്രഹങ്ങളെ പ്രീതിപ്പെടുത്തിയാല്‍ ഒരു പരിധിവരെ ദോഷകാഠിന്യം കുറയ്‌ക്കാവുന്നതാണ്‌.

Copy Code