ഭാവങ്ങള്‍ എന്നാലെന്താണ് ?



ലഗ്നം സ്ഥിതി ചെയ്യുന്ന രാശിക്ക് പൊതുവെ ലഗ്നരാശി എന്ന് പറയാമെങ്കിലും ആ രാശി മുഴുവനും ലഗ്നമല്ല. ആ രാശിയില്‍ ലഗ്നം നില്‍ക്കുന്ന ഡിഗ്രിയും, മിനിട്ടും, സെക്കന്റുമാണ് ലഗ്നം. ലഗ്നസ്ഫുടത്തിന്റെ വ്യാപ്തി ലഗ്നസ്ഫുടത്തില്‍ നിന്ന് 15 ഡിഗ്രി മുന്നോട്ടും 15 ഡിഗ്രി പിന്നോട്ടും ആയ 30 ഡിഗ്രി ആകുന്നു. ലഗ്നസ്ഫുടത്തിനോട് 15 ഡിഗ്രി കൂട്ടുമ്പോള്‍ കിട്ടുന്നത് ലഗ്നഭാവത്തിന്റെ അവസാന ഭാഗവും, ലഗ്നസ്പുടത്തില്‍നിന്നു 15 ഡിഗ്രി പിന്നോട്ട് കണക്കാക്കുമ്പോള്‍ കിട്ടുന്നത് 1 - ആം ഭാവത്തിന്റെ ആദ്യ ഭാഗവുമാണ്. ലഗ്നസ്ഫുടം എന്ന് പറയുന്നത് ലഗ്നഭാവമദ്ധ്യം ആകുന്നു.

ഉദാ :- ലഗ്നസ്ഫുടം മേടത്തില്‍ 10 ഡിഗ്രി 15 മിനിട്ട് എന്ന് വിചാരിക്കുക. 15 ഡിഗ്രി മുന്നോട്ട്‌ കൂട്ടുമ്പോള്‍ മേടം 25 ഡിഗ്രി 15 മിനിട്ട്‌ എന്ന് കിട്ടുന്നു. ലഗ്നസ്പുടത്തില്‍ നിന്ന് 15 ഡിഗ്രി പിന്നോട്ട് കണക്കാക്കിയാല്‍ മീനം 25 ഡിഗ്രി 15 മിനിട്ട് എന്ന് കിട്ടുന്നു. ഇതില്‍ നിന്നും ലഗ്നഭാവം എന്നത് മീനം 25 ഡിഗ്രി 15 മിനിട്ട്‌ മുതല്‍ മേടം 25 ഡിഗ്രി 15 മിനിട്ട്‌ വരെയുളള 30 ഡിഗ്രി ആണ്. ഒന്നാം ഭാവത്തിന്റെ അവസാനത്തില്‍ നിന്ന് 30 ഡിഗ്രി ആകുമ്പോള്‍ രണ്ടാം ഭാവവും, ഇവിടെ നിന്ന് 30 ഡിഗ്രി ആകുമ്പോള്‍ മൂന്നാം ഭാവവും ഈ ക്രമത്തില്‍ 12 ഭാവങ്ങള്‍ ഉണ്ടാകുന്നു.

ഭാവസന്ധി

ഭാവസന്ധി എന്ന് പറയുന്നത് രണ്ട് ഭാവങ്ങള്‍ തമ്മില്‍ ചേരുന്ന സ്ഥലം അതായത് ഓരോ രാശിയിലേയും 25 ഡിഗ്രി 15 മിനിട്ട്‌. ഭാവസന്ധിയില്‍ നില്‍ക്കുന്ന ഗ്രഹം നിര്‍ജ്ജീവമാണ്. രാശി ചക്രത്തിലെ ഗ്രഹസ്ഥിതികള്‍ അതുപോലെ തന്നെ ഭാവത്തിലും വന്നു കൊളളണമെന്നില്ല. ഗ്രഹങ്ങളുടെ സ്ഫുടങ്ങള്‍ക്കനുസരിച്ച് അതിന് ഭാവത്തില്‍ മാറ്റം വരാവുന്നതാണ്.

ഉദാ :- മേടം രാശി ലഗ്നമെന്ന് വിചാരിക്കുക. അവിടെ ഗുരുവിനെയും, ചന്ദ്രനെയും കാണിച്ചിട്ടുണ്ട്. 12 -ആമത്തെ രാശിയായ മീനത്തില്‍ ശുക്രനെയും, ബുധനെയും കാണിച്ചിട്ടുണ്ട്. ഇവിടെ ലഗ്നസ്ഫുടം 0 രാശി 10 ഡിഗ്രി 15 മിനിട്ട്‌ എന്നാണ്. ഗുരുവിന്റെ സ്ഫുടം 0 രാശി 28 ഡിഗ്രി 10 മിനിട്ട്‌ അതായത് മേടം 28 ഡിഗ്രി കഴിഞ്ഞ് 10 മിനിറ്റില്‍ ഗുരു നില്‍ക്കുന്നു.

ചന്ദ്രസ്ഫുടം 0 രാശി 3 ഡിഗ്രി 12 മിനിട്ട്‌ അതായത് മേടം 3 ഡിഗ്രി കഴിഞ്ഞ് 12 മിനിറ്റില്‍ ചന്ദ്രന്‍ നില്‍ക്കുന്നു. ലഗ്നഭാവം ആകട്ടെ മീനം 25 ഡിഗ്രി 15 മിനിട്ടു മുതല്‍ മേടം 25 ഡിഗ്രി 15 മിനിട്ടുവരെയാണല്ലോ. ഗുരു നില്‍ക്കുന്നത് മേടം 28 ഡിഗ്രി 10 മിനിറ്റില്‍ അത് ഒന്നാം ഭാവം കഴിഞ്ഞിട്ടുളള ഭാവത്തിലാണ് അതായത് രണ്ടാം ഭാവത്തില്‍ . ചന്ദ്രന്‍ നില്‍ക്കുന്നത് മേടം 3 ഡിഗ്രി 12 മിനിറ്റില്‍ ഒന്നാം ഭാവത്തില്‍ . ഭാവം തുടങ്ങുന്നത് മീനം 25 ഡിഗ്രി 15 മിനിട്ട്‌ മുതല്‍ ആകയാല്‍ ചന്ദ്രന്‍ ലഗ്നഭാവത്തില്‍ തന്നെയാകുന്നു. 



രാശി ചക്രത്തില്‍ മേടം രാശിയില്‍ ഗുരു ചന്ദ്രനന്മാരെ കാണിച്ചിരിക്കുന്നു എങ്കിലും ഭാവം കൊണ്ട ഗുരു രണ്ടാം ഭാവത്തിലും ചന്ദ്രന്‍ ഒന്നാം ഭാവത്തിലുമായി വരുന്നു.

മീനം രാശിയില്‍ ബുധ-ശുക്രന്മാരെ കാണിച്ചിരിക്കുന്നു - ഒന്നാം ഭാവത്തിന്റെ തുടക്കം പന്ത്രണ്ടാം ഭാവത്തിന്റെ അവസാനമായിരിക്കുമല്ലോ, അപ്പോള്‍ കുംഭം 25 ഡിഗ്രി 15മിനിട്ടു മുതല്‍ മീനം 25 ഡിഗ്രി 15 മിനിട്ടുവരെയായിരിക്കും പന്ത്രണ്ടാം ഭാവം. ശുക്രന്റെ സ്ഫുടം 11 -ആം രാശി 25 ഡിഗ്രി 20 മിനിട്ട്‌, ബുധന്റെ സ്ഫുടം 11 -ആം രാശി 10 ഡിഗ്രി 15 മിനിട്ടും ആണെങ്കില്‍ ശുക്രന്‍ ലഗ്നഭാവത്തിലും, ബുധന്‍ 12 -ആം ഭാവത്തിലുമാകുന്നു. രാശിചക്രത്തില്‍ 12 -ആം ഭാവത്തില്‍ കാണിച്ചിരിക്കുന്ന ശുക്രന്‍ ഭാവം കൊണ്ട് ലഗ്നഭാവത്തിലും, ബുധന്‍ 12 -ആം ഭാവത്തില്‍ തന്നെയും വരുന്നു. (രാശിചക്രത്തിലെയും, ഭാവത്തിലെയും ഗ്രഹനിലകള്‍ ശ്രദ്ധിക്കുക).

ഭാവബല നിര്‍ണ്ണയം :

1). ഓരോ ഭാവങ്ങള്‍ക്കും അതായത് ഭാവനാഥന്മാരുടെയും, ശുഭഗ്രഹങ്ങളുടെയും, 9 -ആം ഭാവാധിപന്റേയും യോഗദൃഷ്ടികള്‍ ബലത്തെ ഉണ്ടാക്കും.
2). ലഗ്നാദി 12 ഭാവങ്ങളും അതായത് ഭാവനാഥന്മാരായ ഗ്രഹങ്ങളുടെ യോഗ ദൃഷ്ടികളോട് കൂടി ഇരുന്നാല്‍ ഭാവബലം ഉണ്ടാകുന്നു.
3). ഓരോ ഭാവത്തിന്റെയും 12 ലും, 2 ലും ശുഭ ഗ്രഹങ്ങള്‍ നില്‍ക്കുമ്പോള്‍ ആ ഭാവത്തിന് ശുഭ മദ്ധ്യസ്ഥിതി ഉണ്ടാകുന്നു. ഇത് ആ ഭാവത്തിന് ബലത്തെ ഉണ്ടാക്കുന്നു.
4). 6, 8, 12 എന്നീ ഭാവ - നാഥന്മാരുടെയും, പാപ ഗ്രഹങ്ങളുടെയും യോഗ / ദൃഷ്ടി ഇല്ലാതിരിക്കുമ്പോള്‍ ഭാവങ്ങള്‍ക്കു ബലം ഉണ്ടാകുന്നു.
5). ഏത് ഭാവത്തിന്റെ ബലനിര്‍ണ്ണയം നടത്തുമ്പോഴും, ആ ഭാവത്തില്‍ നിന്ന് 2, 4, 5, 7, 9, 10 എന്നീ ഭാവങ്ങളില്‍ ശുഭ ഗ്രഹങ്ങള്‍ ഉണ്ടായാല്‍ ആ ഭാവത്തിന് ബലം സിദ്ധിക്കുന്നു.
6). ഭാവങ്ങള്‍ക്ക് പാപ ഗ്രഹങ്ങളുടെ യോഗ / ദൃഷ്ടികള്‍ ബലഹാനി ഉണ്ടാക്കുന്നു.
7). ഭാവങ്ങള്‍ക്ക് പാപ മദ്ധ്യസ്ഥിതി വരുമ്പോഴും ബലഹാനി ഉണ്ടാകുന്നു.
8). 6, 8, 12 എന്നീ ഭാവനാഥന്മാരുടെയും, പാപഗ്രഹങ്ങളുടെയും യോഗ / ദൃഷ്ടികള്‍ ബലഹാനിയെ ഉണ്ടാക്കുന്നു.
9). ഏത് ഭാവത്തിന്റെ അധിപന്‍ 6,8,12 ലോ, നീചരാശിയിലോ, മൗഢ്യം പ്രാപിച്ചോ, പാപ ഗ്രഹങ്ങളുടെ യോഗ / ദൃഷ്ടികളോടു കൂടിയോ നിന്നാല്‍ ആ ഭാവത്തിന് ബലമില്ലാതാകുന്നു.

ഓരോ ഭാവത്തിനെയും കൊണ്ട് ചിന്തിക്കേണ്ടവ :

ഒന്നാം ഭാവം : (ആത്മസ്ഥാനം വ്യക്തി) - രൂപം, വര്‍ണ്ണം, അടയാളം, സുഖദുഃഖങ്ങള്‍ , സാഹസം, ശരീരത്തിന്റെ ഗുണദോഷങ്ങള്‍ , കീര്‍ത്തി, വൃവഹാരാദികളില്‍ ജയം.

രണ്ടാം ഭാവം : (വിദ്യ-വാക്, കുടുംബം, ധനസ്ഥാനം) - കുടുംബം, മുഖം, വാക്ക്, വലത്തെ കണ്ണ്, വിദ്യ, ഭക്ഷ്യ വിശേഷങ്ങള്‍ , സ്വര്‍ണ്ണം മുതലായ ധാതുക്കള്‍ , ധന നിക്ഷേപം.

മൂന്നാം ഭാവം : (സഹോദര ഭാവം) - സഹോദരന്‍ , വീരപരാക്രമം, സഹായി, കഴുത്ത്, നെഞ്ച്, വലത്തെ ചെവി, ദുര്‍ബുദ്ധി.

നാലാം ഭാവം : (സുഖ-മാതൃ ഭാവം) - അമ്മ വഴി ബന്ധുക്കള്‍ , അമ്മ, വീട്, തന്റെ അഭിവൃദ്ധി, വാഹനം, ഹൃദയം, ഇരിക്കാനുളള സാധനം, കിടക്കാനുളള ഉപകരണം,സുഖം, ഗ്രാമം, പശു, അമ്മാമന്‍ , സഹോദരീ സന്താനങ്ങള്‍ , ഉന്നത വിദ്യാഭ്യാസം.

അഞ്ചാം ഭാവം : (പുത്ര ഭാവം) - ബുദ്ധി, പുത്രന്‍ , മന്ത്രം, ഉദരം, സന്താന സ്ഥാനം, ഗര്‍ഭസ്ഥിതി, ധാരണാശക്തി, ബുദ്ധി വിശേഷം, പൂര്‍വ്വ പുണ്യം, കാര്യാലോചന, സൗശീലം.

ആറാം ഭാവം : (രോഗസ്ഥാനം) - ശത്രു, വ്രണം, ഉടവ്, ചതവ്, വിഘ്‌നം, ദുഃഖം, രോഗം,സംശയം, കടം, കളളന്മാര്‍ , ഭയം, അപമാനം.

ഏഴാം ഭാവം : (കളത്ര സ്ഥാനം) - ഭാര്യ, ഭര്‍ത്താവ്, മദന വികാരം, വിവാഹ പ്രാപ്തി, തിരിച്ച് വരവ്, കാര്യസിദ്ധി, മൂത്രാശയം, ശയനോപകരണം, ഭാര്യയുടെ വീട്, നഷ്ട ദ്രവ്യങ്ങള്‍ , ദാമ്പത്യ ജീവിതം.

എട്ടാം ഭാവം : (ആയുര്‍ സ്ഥാനം) - മരണം, മരണകാരണം, ഗുഹ്യസ്ഥലം, അനാദരവ്, ആയുധങ്ങള്‍ , ആയുധങ്ങള്‍ മൂലം മരണം, ആയുസ്സ്, എല്ലാ വിധ ദുര്‍വ്യയങ്ങള്‍ , സ്ത്രീകളുടെ മംഗല്യ ബലം, രോഗം.

ഒന്‍പതാം ഭാവം : (ഭാഗ്യ ഭാവം) - ഗുരുക്കന്മാര്‍ , ഭാഗ്യം, പിതാവ്, പുത്രന്‍ , പൗത്രന്‍ , സുകൃതം, സല്‍കര്‍മ്മം, പൂര്‍വ്വ പുണ്യം (ജന്മം), കുലീനത്വം, ഔഷധം, ദാനധര്‍മ്മങ്ങള്‍ , അനുഭവഭാഗ്യം.

പത്താം ഭാവം : (കര്‍മ്മ ഭാവം) - പ്രവൃത്തി, കീര്‍ത്തി, തൊഴില്‍ , മാന്യത, വിജ്ഞാനം,ദൈവ വിശ്വാസം, ധനപ്രാപ്തി, ശ്രേഷ്ഠത.

പതിനൊന്നാം ഭാവം : (ലാഭ സ്ഥാനം ) - പതിനൊന്നാം ഭാവം കൊണ്ട് ധന ലാഭം,സമ്പത്ത്, ആയുസ്സ്, മാന്യത, ജ്യേഷ്ഠ സഹോദരന്മാര്‍ , കാലുകള്‍ , അഭിഷ്ട ലാഭം ഐശ്വര്യം, ശ്രവണ ഗുണം, ഇടത്തം ചെവി.

പന്ത്രണ്ടാം ഭാവം : (വ്യയസ്ഥാനം) എല്ലാ വിധത്തിലുളള വ്യയം, ദുഃഖം, വിദേശ വാസം, വിരഹം, അംഗവൈകല്യം, പരാജയം, അധഃപതനം, ഇടത്തെ കണ്ണ് മുതലായവ ചിന്തിക്കണം.
Copy Code