ഗോചരഫലം



ലഗ്നത്തെ അടിസ്ഥാനമാക്കിയുള്ള ജാതകഫലത്തിന് പുറമേ, ചന്ദ്രലഗ്നത്തെ അടിസ്ഥാനമാക്കിയുള്ള താല്‍ക്കാലിക ഫലത്തിനാണ് ഗ്രഹചാരഫലം അഥവാ ഗോചരഫലം എന്ന് പറയുന്നത്.

ജാതകത്തില്‍ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയെ കൂര്‍ (ജന്മം ) എന്ന് പറയുന്നു. ജാതകത്തില്‍ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയെ അടിസ്ഥാനമാക്കി ഓരോ ഗ്രഹങ്ങളും നില്‍ക്കുന്ന ഭാവം നോക്കി ഫലം പറയുന്നു. 

ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 3, 6, 10 11 എന്നീ ഭാവങ്ങളില്‍ സൂര്യനും, കൂറിന്റെ 1, 3, 6, 7, 10, 11 എന്നീ ഭാവങ്ങളില്‍ ചന്ദ്രനും, കൂറിന്റെ 3,6, 11 എന്നീ ഭാവങ്ങളില്‍ കുജനും, കൂറിന്റെ 2, 4, 6, 8, 10, 11 എന്നീ ഭാവങ്ങളില്‍ ബുധനും, കൂറിന്റെ 2, 5, 7, 9, 11 എന്നീ ഭാവങ്ങളില്‍ വ്യാഴവും, കൂറിന്റെ 1, 2, 3, 4, 5, 8, 9, 11, 12 എന്നീ ഭാവങ്ങളില്‍ ശുക്രനും കൂറിന്റെ 3, 6, 11 എന്നീ ഭാവങ്ങളില്‍ ശനിയും നില്‍കുന്ന കാലം ജാതകന്‍ ശുഭഫലങ്ങള്‍ ആയിരിക്കും. ശേഷം ഭാവങ്ങളില്‍ നില്‍ക്കുന്ന കാലം അശുഭ ഫലങ്ങളുമായിരിക്കും.സാധാരണയായി ഗ്രഹചാരഫലം ചിന്തിക്കുമ്പോള്‍ പ്രധാനമായും നോക്കാറുള്ളത് ശനിയുടെയും, വ്യാഴത്തിന്റെയും ഫലത്തെക്കുറിച്ചാണ്.

ഏഴര ശനി

ശനി ഒരു രാശി കടക്കാന്‍ രണ്ടര വര്‍ഷം എടുക്കുന്നു. ജാതകന്റെ കൂറിന്റെ ( ചന്ദ്രന്‍ നില്‍ക്കുന്ന രാശിയുടെ ) 12, 1, 2 ഈ സ്ഥാനങ്ങളില്‍ കൂടി ശനി ചാരവശാല്‍ സഞ്ചരിക്കുന്ന കാലത്തെ ഏഴര ശനി എന്നു പറയുന്നു.

ഒരു ജാതകന്‍, ഏഴര ശനി ആയുസ്സിന്റെ ദൈര്‍ഘ്യം അനുസരിച്ചു 2, അല്ലെങ്കില്‍ 3 തവണ വരുന്നു. ( 30 വര്‍ഷത്തില്‍ ഒരു തവണ ഏഴര ശനി വരുന്നു.) ആദ്യം വരുന്ന ഏഴര ശനി ജാതകന്റെ മാതാപിതാക്കള്‍ക്ക് ദോഷം ചെയ്യുന്നു. രണ്ടാമത് വരുന്ന ഏഴര ശനി ജാതകന്‍ ജീവിതത്തിലെ പ്രധാന സംഭവങ്ങളെ നല്‍കുന്നു. (ഗൃഹ നിര്‍മ്മാണം, ഉദ്യോഗത്തില്‍ മാറ്റം, വിവാഹം, വിദേശയാത്ര തുടങ്ങിയവ). മൂന്നാമത് വരുന്ന ഏഴര ശനി ജാതകന്‍ മോക്ഷത്തെ നല്‍കുന്നു. 

ഏഴര ശനി കാലത്ത് ജാതകന്‍ ഏറ്റവും അധികം ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് ജന്മത്തില്‍ (കൂറില്‍ ) ശനി സഞ്ചരിക്കുന്ന കാലമാണ്. ഏറ്റവും കാഠിന്യം കുറഞ്ഞത് കൂറിന്റെ രണ്ടില്‍ ശനി സഞ്ചരിക്കുന്ന കാലമാണ്. 

കണ്ടകശനി 

ജന്മത്തിന്റെ (കൂറിന്റെ) കേന്ദ്ര രാശികളില്‍ കൂടി ( 4, 7, 10 ) സഞ്ചരിക്കുന്ന ശനിയെ കണ്ടകശനി എന്ന് പറയുന്നു. കണ്ടകശനിയുടെ ദൈര്‍ഘ്യം രണ്ടര വര്‍ഷമാണ്‌. കണ്ടകശനിയുടെ ഫലങ്ങളും ഏഴര ശനിയുടെ പോലെ വിഷമം പിടിച്ചതാണ്. കൂറിന്റെ 10 ല്‍ കൂടി ശനി സഞ്ചരിക്കുന്ന കാലം, കാഠിന്യമേറിയതും 7 ല്‍ കൂടി സഞ്ചരിക്കുമ്പോള്‍ അടുത്ത കാഠിന്യം കുറവും, 4 ല്‍ കൂടി ശനി സഞ്ചരിക്കുന്ന കാലം കാഠിന്യം കുറഞ്ഞും ആയിരിക്കും. കണ്ടകശനിക്കാലത്ത് പൊതുവെ അപമാനം, ശിക്ഷ, പ്രയാസങ്ങള്‍, അപകടങ്ങള്‍, സ്ഥാനഭ്രംശം, കുടുംബാംഗങ്ങളെ വിട്ടുപിരിയല്‍, അജ്ഞാത വാസം, പ്രിയമുള്ളവരുടെ വേര്‍പാട്, ശത്രുദോഷങ്ങള്‍, പരാജയങ്ങള്‍ എന്നിവ സംഭവിക്കുന്നു. 4 ല്‍ ശനി സഞ്ചരിക്കുമ്പോള്‍ കുടുംബ സംബന്ധമായ പ്രശ്നങ്ങള്‍, 7ല്‍ ശനി സഞ്ചരിക്കുമ്പോള്‍ ഭാര്യ / ഭര്‍ത്താവുമായുള്ള പ്രശ്നങ്ങള്‍, വേര്‍പാട്‌, അടുത്ത സ്നേഹിതന്മാര്‍ ശത്രുക്കളാവുക തുടങ്ങിയവയും, 10 ല്‍ കൂടി ശനി സഞ്ചരിക്കുമ്പോള്‍ ഉദ്യോഗത്തില്‍ കഷ്ടത, സ്ഥാന ഭ്രംശം, ചെയ്യാത്ത കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കേണ്ടി വരിക, വിദേശങ്ങളില്‍ ജോലി മുതലായവയും ഫലമാകുന്നു. 

ജാതകന്റെ കൂറിന്റെ 8 ല്‍ കൂടി സഞ്ചിരിക്കുന്ന ശനിയെ അഷ്ടമ ശനി എന്ന് പറയുന്നു. ഈ സമയത്ത് ജാതകന്‍ ജയില്‍ വാസം, കോടതി, പോലിസ് സ്റ്റേഷന്‍ കയറി ഇറങ്ങേണ്ടി വരിക, കഠിനമായ അസുഖങ്ങള്‍ ഉണ്ടാവുക, നാട് വിട്ട് പോകേണ്ടി വരിക, കഷ്ട നഷ്ടങ്ങള്‍ ഉണ്ടാവുക മുതലായവ സംഭവിക്കാവുന്നതാണ്. 

വ്യാഴം 

ചാരവശാല്‍ ഒരാളുടെ കൂറില്‍ കൂടി (ചന്ദ്രന്‍ നില്‍ക്കുന്ന രാശി ) വ്യാഴം സഞ്ചിരിക്കുന്ന കാലവും, കൂറിന്റെ അഷ്ടമത്തില്‍ കൂടി വ്യാഴം സഞ്ചിരിക്കുന്ന കാലവും ജാതകന്‍ സകല ദുരിതങ്ങളും അനുഭവിക്കേണ്ടതായി വരുന്നു. ( ദൈവാദീനക്കുറവ്, മേലുദ്യോഗസ്ഥന്മാരുടെ അപ്രീതി, മന: സമാധാനക്കുറവ്, കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കാനുള്ള ശേഷിക്കുറവ്, ബുദ്ധി ശൂന്യമായ പ്രവൃത്തികള്‍, സ്ഥാനഭ്രംശം എന്നിവ സംഭവിക്കുന്നു ) 

മേല്‍ പറഞ്ഞ ശനി വ്യാഴം എന്നിവയുടെ ഫലങ്ങള്‍ ജാതകത്തില്‍ അവരുടെ ബലമനുസരിച്ചു കൂടിയും കുറഞ്ഞുമിരിക്കും.

1. കേന്ദ്രങ്ങളില്‍ കൂടി പാപികള്‍ സഞ്ചിരിക്കുന്ന കാലവും, ദു:സ്ഥാനങ്ങളില്‍ കൂടി ശുഭന്മാര്‍ സഞ്ചരിക്കുന്ന കാലവും ദോഷഫലങ്ങളെ പ്രദാനം ചെയ്യുന്നു ( അതാത് ഗ്രഹങ്ങളുടെ കാരകത്വമനുസരിച്ച് ) 

2. ഒരു ജാതകത്തില്‍ ചന്ദ്രസ്ഫുടമനുസരിച്ച് അതിന്റെ 90 ഡിഗ്രി, 180 ഡിഗ്രി, 270 ഡിഗ്രി ഇവകളില്‍ കൂടി പാപികള്‍ സഞ്ചരിക്കുന്ന കാലം ജാതകന്‍ ദോഷഫലങ്ങള്‍ അനുഭവത്തില്‍ വരുന്നു ( ഇവ കേന്ദ്ര സ്ഥാനങ്ങളില്‍ ചന്ദ്രന്റെ അതേ സ്ഫുടത്തില്‍ വരുന്ന സമയം ).

3. ഒരു ജാതകന്റെ കൂറിന്റെ 8 ല്‍ കൂടി ചന്ദ്രന്‍ സഞ്ചരിക്കുമ്പോഴും, 7 ല്‍ കൂടി കുജന്‍ സഞ്ചരിക്കുമ്പോഴും 12 ല്‍ കൂടി രവി സഞ്ചരിക്കുമ്പോഴും, 4 ല്‍ കൂടി ബുധന്‍ സഞ്ചിരിക്കുമ്പോഴും, 6 ല്‍ കൂടി ശുക്രന്‍ സഞ്ചിരിക്കുമ്പോഴും, വ്യാഴം, ശനി എന്നിവര്‍ ഒന്നില്‍ കൂടി സഞ്ചിരിക്കുന്ന കാലവും മോശമായ ഫലങ്ങളെ നല്‍കുന്നു. ( അതായത് ഗ്രഹങ്ങളുടെ കാരകത്വം അനുസരിച്ചുള്ള ദോഷഫലങ്ങള്‍ ഉണ്ടാകുന്നു.)

ഗ്രഹങ്ങളുടെ ഗോചര വേധ സ്ഥിതി ചാരവശാല്‍ ഗുണഫലം ചെയ്യുന്ന ഭാവങ്ങള്‍ ഗോചരമെന്നും, ദോഷഫലം ഉളവാക്കുന്ന ഭാവങ്ങള്‍ വേധമെന്നും പറയുന്നു. ഗോചര സ്ഥാനത്ത് ഒരു ഗ്രഹം നില്‍ക്കുമ്പോള്‍ അതിന്റെ വേധ സ്ഥാനത്ത് മറ്റൊരു ഗ്രഹം നിന്നാല്‍, ഗോചര സ്ഥാനത്ത് നില്‍ക്കുന്ന ഗ്രഹം വേധ്യനായി ഭവിച്ച് യാതൊരു ഗുണഫലങ്ങളും ചെയ്യാന്‍ പ്രാപ്തി ഇല്ലാതാക്കുന്നു. അതു പോലെ അനിഷ്ടപ്രദമായ വേധസ്ഥാനത്ത് ഒരു ഗ്രഹം നില്‍ക്കുമ്പോള്‍, അതിന്റെ ഗോചര സ്ഥാനത്ത് മറ്റൊരു ഗ്രഹം നിന്നാല്‍ ആ വേധം കൊണ്ടുള്ള ദോഷഫലവും അനുഭവപ്പെടുകയില്ല. ഓരോ ഗ്രഹത്തിനും വേറെ, വേറെ ഗോചര സ്ഥാനങ്ങളും വേധസ്ഥാനങ്ങളുമുണ്ട്. എന്നാല്‍ ചില ഗ്രഹങ്ങള്‍ തമ്മില്‍ അതായത് സൂര്യനും, ശനിയും തമ്മിലും, ബുധനും ചന്ദ്രനും തമ്മിലും പരസ്പരം വേധ്യരല്ല. അതായത് ചാരവശാല്‍ സൂര്യന്‍ ഗോചരസ്ഥാനത്ത് നില്‍ക്കുമ്പോള്‍ ആ സ്ഥാനത്ത് വിധിച്ചിട്ടുള്ള വേധസ്ഥാനത്ത് ശനി നിന്നാല്‍ അവര്‍ പരസ്പരം വേധിക്കുന്നില്ല. സൂര്യനെക്കൊണ്ടുള്ള ഗോചരഫലവും, ശനിയെക്കൊണ്ടുള്ള വേധഫലവും യഥാകാലം അനുഭവപ്പെടും. അതു പോലെ ബുധനും, ചന്ദ്രനും തമ്മിലും പരസ്പരം വേധിക്കപ്പെടുന്നില്ല. ചന്ദ്രനോ ബുധനോ ഗോചരസ്ഥാനത്ത് നില്‍ക്കുമ്പോള്‍ ബുധനോ, ചന്ദ്രനോ യഥാക്രമം വേധസ്ഥാനത്ത് നിന്നാല്‍ അതാതു ഗ്രഹത്തെക്കൊണ്ടുള്ള ഗോചരഫലവും, വേധഫലവും അനുഭവസിദ്ധമാകുന്നു. ഈ വ്യത്യാസം മറ്റു ഗ്രഹങ്ങള്‍ക്കൊന്നുമില്ല. ചാരവശാല്‍ ഫലം ചിന്തിക്കുമ്പോള്‍ ഈ വ്യത്യാസം പ്രത്യേകം ശ്രദ്ധിക്കണം. ദശാഫലവും, ചാരവശാലുള്ള ഫലവും രണ്ടും മോശമാണെങ്കില്‍ ആ കാലം ഏറ്റവും അനിഷ്ട പ്രദമായിരിക്കും. 

ഗ്രഹങ്ങളുടെ ഗോചര വേധസ്ഥാനങ്ങള്‍

രാഹു, കേതുക്കളുടെ ഗോചര വേധങ്ങള്‍ ചൊവ്വയുടെതുപോലെ തന്നെയാണ്, ഓരോ ഗോചരസ്ഥാനത്തിന്റെയും നേരെ താഴെ കാണിച്ചിട്ടുള്ള ഭാവമാണ് അതിന്റെ വേധസ്ഥാനം. അതു പോലെ തന്നെ ഓരോ വേധസ്ഥാനത്തിന്റെയും നേരെ മുകളിലുള്ളത് അതിന്റെ ഗോചരസ്ഥാനവും ആണ്. ഒരു ഗോചരസ്ഥാനത്തിന്‍ ഒരേ ഒരു വേധസ്ഥാനമേയുള്ളൂ.
Copy Code